വയനാട്ടില്‍ വാഗ്ദാനം യാഥാര്‍ഥ്യമാക്കി കര്‍ണാടക; 100 കുടുംബങ്ങളുടെ പുനരധിവാസത്തിന് 10 കോടി അനുവദിച്ചു

ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് കര്‍ണാടകയുടെ കൈത്താങ്ങ്. നൂറുകുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് പത്തുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തിന്റെ ദുരന്ത മാനേജ്മെന്റ് ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. തുക കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ വയനാട്ടില്‍ ദുരന്തമുണ്ടായയുടന്‍ നൂറുവീട് കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനുള്ള തുകയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സപ്ലിമെന്ററി ബജറ്റില്‍ ഉള്‍പ്പെടുത്തിയാണിത്. ഇതുള്‍പ്പെടെയുള്ള ചെലവുകളുടെ കണക്ക് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.
പണം അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തുവന്നു. പ്രിയങ്കാഗാന്ധിയുടെ ലോക്സഭാമണ്ഡലമായതിനാലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വയനാട്ടിലേക്ക് ഫണ്ടനുവദിച്ചതെന്ന് പാര്‍ട്ടി ആരോപിച്ചു. കന്നഡികരുടെ നികുതിപ്പണമാണ് വയനാട്ടിലേക്ക് കൈമാറുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പ്രീതിപ്പെടുത്തുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യമെന്നും ആരോപിച്ചു. ഉരുള്‍പൊട്ടല്‍ സമയം സിദ്ധരാമയ്യ പദ്ധതി പ്രഖ്യാപിച്ചപ്പോഴും ബിജെപി വിമര്‍ശനമുന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തെ സഹായിക്കുകയാണെന്നാണ് അന്ന് ആരോപിച്ചത്.
കഴിഞ്ഞവര്‍ഷം കര്‍ണാടക വനമേഖലയില്‍നിന്നെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചപ്പോഴും ബിജെപി വിമര്‍ശനമുയര്‍ത്തിയിരുന്നു.