FIR വരുന്നതിന് മുമ്ബ് രാഹുല്‍ രാജിവെച്ചു; ഒരു പരാതിയും തനിക്ക് മുന്നില്‍ വന്നിട്ടില്ലെന്ന് ഷാഫി

വടകര: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചത് പ്രധാനപ്പെട്ട ചുവടെന്ന് ഷാഫി പറമ്ബില്‍ എം.പി.
ഒരു കോടതിവിധിയോ എഫ്‌ഐആറോ വരുന്നതിന് മുമ്ബ് തന്നെ രാജിസന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയും പാർട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിക്കുകയും ചെയ്തെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു. തനിക്ക് മുമ്ബില്‍ ഒരു പരാതിയും വന്നിട്ടില്ലെന്നും ഷാഫി വടകരയില്‍ പറഞ്ഞു. അതേസമയം, മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. താൻ ഒളിച്ചോടിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഷാഫി പറഞ്ഞു.
ഒരു കോടതിവിധിയോ എഫ്‌ഐആറോ വരുന്നതിന് മുമ്ബ് ഇങ്ങനെയൊരു ആരോപണപരിസരം ഉയർന്നപ്പോള്‍ രാജിസന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിക്കുകയും പാർട്ടിയുമായി ആലോചിച്ച് രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജി സിപിഎം നേതാക്കളാണെങ്കില്‍ ധാർമികതയുടെ ക്ലാസെടുക്കല്‍ വരുമായിരുന്നു. കണ്ടോഎഫ്‌ഐആർ ഇല്ലാത്ത രാജി, കണ്ടോ പരാതിയില്ലാത്ത രാജി, കണ്ടോ കേസെടുക്കാത്ത രാജി എന്നിങ്ങനെയെന്നും ഷാഫി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് ശേഷവും കോണ്‍ഗ്രസ് എന്ത് ചെയ്തെന്ന് ചോദിക്കുകയാണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. എം.വി. ഗോവിന്ദന്റെ പ്രതികരണമെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. ധാർമികതയാണ് പ്രശ്നമെങ്കില്‍ ആ രാജി പ്രധാനപ്പെട്ട ചുവടുതന്നെയാണ്. പക്ഷേ, കോണ്‍ഗ്രസിനെ നിർവീര്യമാക്കാം, കോണ്‍ഗ്രസ് പ്രവർത്തകരെ നിശബ്ദമാക്കാം, സർക്കാരിന്റെ ചെയ്തികളില്‍നിന്ന് ജനങ്ങളുടെ മുമ്ബില്‍ തത്കാലം മറച്ചുപിടിക്കാം എന്ന് വിചാരിച്ചിട്ടാണ് സമരമുള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍.
കോണ്‍ഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ലെന്നും ഷാഫി പറഞ്ഞു. ഒരു എംഎല്‍എക്കെതിരേ പോലീസ് കേസെടുത്തിട്ടും ചാർജ്ഷീറ്റ് സമർപ്പിച്ചിട്ടും ആ എംഎല്‍എ കുറ്റക്കാരനെന്ന് വിധിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരട്ടെയെന്ന് തീരുമാനിച്ചവർ എങ്ങനെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടുന്നതെന്ന് ഷാഫി ചോദിച്ചു.