KSDLIVENEWS

Real news for everyone

നിമിഷപ്രിയയുടെ മോചനം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ വിലക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

SHARE THIS ON

ന്യുഡല്‍ഹി: യമനിലെ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെ എ പോള്‍ സമർപ്പിച്ച ഹരജികള്‍ തള്ളി സുപ്രീം കോടതി.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും ആക്ഷൻ കൗണ്‍സിലിനെയും അഡ്വ. സുഭാഷ് ചന്ദ്രനെയും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ നിന്ന് വിലക്കണമെന്ന ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. നിമിഷപ്രിയയുടെ മോചനത്തിലെ മധ്യസ്ഥൻ എന്നവകാശപ്പെട്ടായിരുന്നു കെ എ പോള്‍ ഹരജി നല്‍കിയത്.

നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് തള്ളി. ആര് മാധ്യമങ്ങളോട് സംസാരിക്കണമെന്നതല്ല, നിമിഷയുടെ ജീവൻ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷൻ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കെ എ പോളിൻ്റെ ഹരജി പരിഗണിക്കവെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു.

നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്തെന്ന് പോള്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ് പോളെന്ന് ആക്ഷൻ കൗണ്‍സില്‍ പ്രതികരിച്ചു. ഏഴ് ദിവസത്തിനകം സർക്കാർ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ കോടതിയില്‍ പറഞ്ഞു. നിമിഷ തനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. ഇനി എന്ത് സംഭവിച്ചാലും താൻ ഉത്തരവാദിയല്ലെന്ന് പോള്‍ കോടതിയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യാനുള്ളത് ചെയ്യുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി നല്‍കിയതെന്നും കെ എ പോളിനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!