കരിങ്കൊടി വീശി യുവമോർച്ച പ്രവർത്തകർ: മിഠായി നീട്ടി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തനിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകർക്ക് മിഠായി നൽകി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ ആരായിൽ നടന്ന റാലിക്കിടയിലാണ് യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ കരിങ്കൊടി വീശിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമർശങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ ചിലർ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോർച്ച പ്രതിഷേധം. വാഹനം നിർത്തി പ്രവർത്തകർക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുൽ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ ചിലർ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിൻ്റെ അമ്മയെയും അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തിയെന്നാണ് ആരോപണം. പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച അധിക്ഷേപകരമായ ഭാഷയെ ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ആരായിൽ ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെ, വോട്ടർ പട്ടിക പുതുക്കൽ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ വിമർശിച്ചു. ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് ‘വോട്ട് ചോരി’യിൽ (വോട്ട് മോഷണത്തിൽ) ഏർപ്പെടുകയാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകൾ മോഷ്ടിക്കുന്നതിൽ എൻഡിഎ സർക്കാർ വിജയിച്ചു. എന്നാൽ ബിഹാറിൽ ഒരു വോട്ട് പോലും മോഷ്ടിക്കാൻ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അനുവദിക്കില്ല. രാഹുൽ പറഞ്ഞു.