200 യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍; ഇന്ത്യൻ മഹാസമുദ്രത്തിലെ നിര്‍ണായക ശക്തിയാകാൻ നാവികസേന

2035 ആകുമ്ബോഴേക്കും നാവികസേനയുടെ സമഗ്ര ശാക്തീകരണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയാണ് ഇന്ത്യ. പാകിസ്താനില്‍നിന്നും ചൈനയില്‍നിന്നുമുള്ള ഭീഷണികളെ ഒരേസമയം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ സജ്ജമായിരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സേനയുടെ ആക്രമണ- പ്രതിരോധശേഷി വർധിപ്പിക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും എണ്ണം 200 ആയി ഉയർത്താനാണ് നീക്കം.
നിലവില്‍ ഇന്ത്യയ്ക്ക് ആകെ വിവിധ തരത്തിലുള്ള 140 യുദ്ധക്കപ്പലുകളാണുള്ളത്. രണ്ട് വിമാനവാഹിനി, 13 ഡിസ്ട്രോയറുകള്‍, 18 കൊർവെറ്റുകള്, 14 ഫ്രിഗേറ്റുകള്‍. 17 ഡീസല്‍ എൻജിൻ അന്തർവാഹിനികള്‍, രണ്ട് ആണവ അന്തർവാഹനികള്‍, 115 പട്രോളിങ് വെസലുകള്‍, ഓഫ്ഷോർ പട്രോളിങ് വെസലുകള്‍ എന്നിവയാണ് അതില്‍ പ്രധാനം.
സെപ്റ്റംബർ വരെയുള്ള കണക്കുകള്‍ പ്രകാരം 55 യുദ്ധക്കപ്പലുകള്‍ ഇന്ത്യയിലെ വിവിധ ഷിപ്പ്യാർഡുകളില്‍ നിർമാണത്തിലാണ്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടി വരിക. ഇതിന് പുറമെ യുദ്ധക്കപ്പലുകളും അന്തർവാഹനികളും ഉള്‍പ്പെടെയുള്ള 74 യാനങ്ങളുടെ നിർമാണത്തിനുള്ള പ്രാഥമിക അനുമതിയും നാവികസേനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 2.35 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒമ്ബത് ഡീസല്‍ ഇലക്ട്രിക് അന്തർവാഹിനികള്‍, രണ്ട് ആണവ അന്തർവാഹിനികള്‍, ഏഴ് ഫ്രിഗേറ്റുകള്‍, എട്ട് കൊർവേറ്റുകള്, മൈനുകള്‍ നീക്കം ചെയ്യാനുള്ള 12 കപ്പലുകള്‍ എന്നിവയുള്‍പ്പെടുന്ന വലിയ പദ്ധതിയാണിത്. നാവികസേനയുടെ ശക്തി ഇത് പൂർത്തിയാകുമ്ബോഴേക്കും കൂടുതല്‍ വർധിക്കും.
ഇന്തോ- പസഫിക് മേഖലയില്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലും ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധവും കണക്കിലെടുത്താണ് നാവികസേനയെ വിപുലീകരിക്കുന്നത്. നിലവില്‍ ലോകത്തിലേറ്റവും വലിയ നാവികശക്തികളിലൊന്നാണ് ചൈന. 350 യുദ്ധക്കപ്പലുകളാണ് ചൈനയ്ക്കുള്ളത്. രണ്ട് വിമാനവാഹിനകളാണ് ചൈനയ്ക്കുള്ളത്. മൂന്നാമതൊരെണ്ണം പരീക്ഷണഘട്ടത്തിലാണ്.
ഈ സാഹചര്യത്തിലാണ് അടിയന്തരമായി നാവികസേനയെ ശകതിപ്പെടുത്തുന്നത്. ഇതിന് പുറമെ കാലാവധി കഴിയാറായ പഴയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും സേനയില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍, 2035-ഓടെ ലക്ഷ്യം നേടണമെന്നുണ്ടെങ്കില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ കപ്പല്‍ നിർമാണശാലകള്‍ക്ക് ഇതിനാവശ്യമായ ശേഷി വർധിപ്പിച്ചിട്ടില്ല. മാത്രമല്ല, വലിയ തോതില്‍ പണം ഇതിനായി നീക്കിവെയ്ക്കേണ്ടി വരും. ഇത് ബജറ്റ് വിഹിതത്തെ ബാധിക്കും. യുദ്ധക്കപ്പലുകള്‍ പോലെയുള്ള സങ്കീർണമായ സൈനിക യാനങ്ങളുടെ നിർമാണത്തിന് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ എണ്ണവും നിലവില്‍ ഇന്ത്യയില്‍ കുറവാണ്.
ഇത് മറികടക്കണമെങ്കില്‍ പൊതു-സ്വകാര്യ സഹകരണമുള്‍പ്പെടെ നിരവധി കടമ്ബകള്‍ മറികടക്കേണ്ടതുണ്ട്. ലക്ഷ്യം പൂർത്തിയായാല്‍ 2035 ആകുമ്ബോഴേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ അപ്രമാദിത്യ ശകതിയായി ഇന്ത്യ മാറും.

