KSDLIVENEWS

Real news for everyone

കുൽഗാമിൽ ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു; രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

SHARE THIS ON

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്മീര്‍ പോലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവിരുദ്ധ ദൗത്യത്തിനിറങ്ങിയത്.

തിരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം. തുടക്കത്തില്‍ ഒരു ഭീകരവാദിയെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

പിന്നാലെ ഏറ്റമുട്ടല്‍ തുടരുകയും ഒരു ഭീകരവാദിയെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയത്.

കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. അതേസമയം മറ്റ് ഭീകരവാദികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ലഷ്‌കര്‍ ഭീകരവാദികളാണ് ഇവരെന്നാണ് സൈന്യം നല്‍കുന്ന സൂചന.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനാണെന്നാണ് വിവരം. മറ്റൊരാള്‍ കശ്മീര്‍ സ്വദേശിയാണെന്നാണ് കരുതുന്നത്. പാക് സ്വദേശി റഹ്‌മാന്‍ ഭായ് എന്നപേരില്‍ അറിയപ്പെടുന്നയാളാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!