യു.എ.ഇ പ്രസിഡന്റ് ദോഹയില്‍: ഖത്തര്‍ അമീര്‍ വരവേറ്റു

ദോഹ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ ദോഹയില്‍. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍താനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെയും കൂടെയുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.
സൗഹൃദ സന്ദർശനത്തിനായാണ് സംഘം എത്തിയതെന്നാണ് യുഎഇ വാർത്താ ഏജൻസിയുടെ വിശദീകരണം. അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്‌മാൻ അല്‍താനി, മറ്റ് നിരവധി പ്രമുഖരും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.
ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം, അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അല്‍ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിൻ സായിദ് അല്‍ നഹ്യാൻ, എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല സംഘം യുഎഇ പ്രസിഡന്റിന്റ കൂടെ ദോഹയിലെത്തിയിട്ടുണ്ട്.