ലഹരിക്കേസ്: യുട്യൂബർ റിൻസി മുംതാസിന് ഹൈക്കോടതിയുടെ ജാമ്യം, പിടികൂടിയത് എം.ഡി.എം.എ അല്ല; മെത്താഫെറ്റമിൻ

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ യൂട്യൂബർ റിൻസി മുംതാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എംഡിഎംഎ കൈവശം വച്ചെന്ന പേരിലായിരുന്നു റിൻസിയെ അറസ്റ്റ് ചെയ്തത്. എന്നാൽ പിടികൂടിയത് എംഡിഎംഎ അല്ല മെത്തഫെറ്റമിൻ ആണെന്നായിരുന്നു പരിശോധന ഫലം. പിടികൂടിയ ലഹരി വാണിജ്യ അളവിനേക്കാൾ കുറവാണെന്നതും പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ ഒൻപതിനാണ് കൊച്ചി പാലച്ചുവടുള്ള ഫ്ലാറ്റിൽ നിന്നു റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിലായത്. അന്നു മുതൽ റിമാൻഡിലായിരുന്നു റിൻസി. 20.55 ഗ്രാം എംഡിഎംഎ പിടിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ പ്രോസിക്യൂഷൻ വാദം തെറ്റാണെന്നും താൻ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നുമാണ് റിൻസി വാദിച്ചത്. ജൂലൈ ഒൻപതു മുതൽ കസ്റ്റഡിയിലാണെന്നും അതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും റിൻസി വാദിച്ചു. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.
മെത്തഫെറ്റമിന്‍ ആയതിനാലും, വാണിജ്യ അളവിൽ കുറവായതിനാലും എൻഡിപിഎസ് വകുപ്പ് 37 കേസിൽ ബാധകമാകില്ല എന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് 37 ജാമ്യമില്ലാ കുറ്റമാണ്. ഹർജിക്കാരി ജൂലൈ ഒൻപതു മുതൽ കസ്റ്റഡിയിലാണ് എന്നതിനാലും വിചാരണ അടുത്തൊന്നും തുടങ്ങാൻ സാധ്യതയില്ല എന്നതിനാലും ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. സിനിമ പ്രചരണ മേഖലയില്‍ സജീവമായിരുന്ന റിൻസിക്ക് പല ചലച്ചിത്ര പ്രവർത്തകരുമായും ബന്ധമുണ്ട് എന്നതിനാൽ തുടക്കത്തിൽ അന്വേഷണം ഈ വഴിക്കു നീങ്ങിയിരുന്നു. എന്നാൽ തന്റെ പക്കൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നും താൻ നിരപരാധിയാണ് എന്നുമായിരുന്നു തുടക്കം മുതൽ റിൻസിയുടെ നിലപാട്.