KSDLIVENEWS

Real news for everyone

അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട്: മന്ത്രിയുടെ വാദം തെറ്റ്; പഠനം പ്രസിദ്ധീകരിച്ചത് 2018-ൽ

SHARE THIS ON

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന അകാന്ത അമീബിയയെക്കുറിച്ചുള്ള പഠനം സംബന്ധിച്ച ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു. 2013-ൽ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോർട്ട് 2018-ലാണ് ഇന്ത്യൻ ജേണൽ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്.

അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് പഠന റിപ്പോർട്ടിന്റെ ഒരു പേജുമാത്രം വീണാ ജോർജ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. ഗവേഷണ പ്രബന്ധത്തിൽനിന്നും പ്രസിദ്ധീകരണ തീയതി മന്ത്രി ഒഴിവാക്കിയിരുന്നു. 2013 ജനുവരിമുതൽ ഡിസംബർവരെ നടന്ന പഠനത്തിന്റെ റിപ്പോർട്ട് 2013-ൽ തന്നെ പ്രസിദ്ധീകരിച്ചു എന്നായിരുന്നു മന്ത്രിയുടെ വാദം. ഉമ്മൻചാണ്ടി സർക്കാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും റിപ്പോർട്ട് ശ്രദ്ധിച്ചില്ലെന്നും മന്ത്രി ആരോപിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ അന്നാ ചെറിയാനും ആർ. ജ്യോതിയുമാണ് നേത്രപടലത്തിൽ അൾസർ ബാധിച്ച രോഗികളിൽ പഠനം നടത്തിയത്. 2018 ജനുവരി-മാർച്ച് എന്നതാണ് ജേണലിൽ നൽകിയിട്ടുള്ളത്. അകാന്ത അമീബിയ എന്ന വിഭാഗത്തിലുള്ള അമീബയാണ് 64 ശതമാനം രോഗികളിലും രോഗകാരണമെന്ന് കണ്ടെത്തി. കിണറ്റിലെ വെള്ളത്തിൽനിന്നാണ് അമീബ ബാധയുണ്ടായതായി സംശയിക്കുന്നതെന്നും പറയുന്നുണ്ട്.

350 രോഗികളിലായിരുന്നു പഠനം നടന്നത്. തിരുവനന്തപുരത്ത് 255 പേർക്കും കൊല്ലത്ത് 69-ഉം, പത്തനംതിട്ട ആറും ആലപ്പുഴ അഞ്ചും കോട്ടയത്ത് നാലും പേർക്കും അകാന്ത അമീബിയ കാരണമാണ് രോഗമുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.

പെട്ടെന്നുള്ള രോഗനിർണയം സങ്കീർണത കുറയ്ക്കും

അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ രോഗനിർണയം ആദ്യഘട്ടത്തിൽത്തന്നെ നടത്തുന്നത് സങ്കീർണത കുറയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ. ആദ്യഘട്ടത്തിൽത്തന്നെ ചികിത്സ ലഭ്യമാക്കിയാൽ ഭേദമാകാനുള്ള സാധ്യത കൂടുതലാണ്.

പഠനം നടന്നത് 2013-ൽത്തന്നെ -മന്ത്രി

തിരുവനന്തപുരം: അമീബ സംബന്ധിച്ച പഠനം 2013-ൽ നടന്നതുതന്നെയാണെന്ന് മന്ത്രി വീണാ ജോർജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 2013-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിയതാണ് പഠനം. പഠനം സംബന്ധിച്ച് 2013-ൽ സർക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഒരു ഫയൽപോലും ആയില്ല -മന്ത്രി പറഞ്ഞു.

വർഷങ്ങൾക്കുശേഷം പഠനം ഒരു ജേണൽ പ്രസിദ്ധീകരിച്ചു. ആ ജേണലോ അതിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോ സർക്കാരിന്റെ ശ്രദ്ധയിൽ വരുന്ന ഒന്നല്ല -മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!