KSDLIVENEWS

Real news for everyone

അപേക്ഷ ആധാർ വഴിയാണെങ്കിൽ കടുംപിടിത്തം വേണ്ട: എം.വി.ഡി ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദേശം

SHARE THIS ON

തിരുവനന്തപുരം: ആധാർ അധിഷ്ഠിത അപേക്ഷകളിൽ കടുംപിടിത്തം വേണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കഴിഞ്ഞയാഴ്ച നടന്ന അവലോകനയോഗത്തിലാണ് അപേക്ഷകരെ വലയ്ക്കുന്ന പ്രവണതയെ മന്ത്രി രൂക്ഷമായി വിമർശിച്ചത്.

ഇടനിലക്കാരെ ഒഴിവാക്കാൻ മോട്ടോർവാഹനവകുപ്പ് കൊണ്ടുവന്ന ആധാർ അധിഷ്ഠിത (ഫേസ് ലെസ്) സംവിധാനത്തിൽ എത്തുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ അനാവശ്യമായി താമസിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് മന്ത്രിയുടെ നിർദേശം.

ആധാർബന്ധിത മൊബൈൽ നമ്പരുകളിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) ഉപയോഗിച്ചാണ് അപേക്ഷ പൂർത്തീകരിക്കുന്നത്. അപേക്ഷകരുടെ അറിവോടെയല്ലാതെ ഇവ സമർപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. എന്നിട്ടും ഒപ്പിൽ ചേർച്ചയില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുന്ന പ്രവണത നല്ലതല്ലെന്ന് മന്ത്രി ഓൺലൈൻ യോഗത്തിൽ പറഞ്ഞു.

അപേക്ഷയിലെ ഒപ്പും ഓഫീസിലുള്ള രേഖകളിൽ ഉള്ളതുമായിട്ടാണ് ഒത്തുനോക്കുന്നത്. ചെറിയ വ്യത്യാസമുണ്ടായാൽപ്പോലും നിരസിക്കപ്പെടും. എന്നാൽ, ഇടനിലക്കാരെ ഏൽപ്പിച്ചാൽ തടസ്സമുണ്ടാകില്ല. അപേക്ഷകൾ വൈകിക്കുന്ന വിവരം ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. പിന്നാലെയാണ് മന്ത്രി ഇടപെട്ടത്.

രേഖകൾ സ്വീകരിക്കുന്നത് രശീതി നൽകാതെ

ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചശേഷം അസൽരേഖകൾ ഓഫീസിലെത്തിക്കണമെന്നാണ് നിയമം. എന്നാൽ ഇവ ഓഫീസുകളിൽ സ്വീകരിക്കുമ്പോൾ രശീതി നൽകുന്നില്ല. എതെല്ലാം അപേക്ഷകൾക്ക് രേഖകൾ ഓഫീസിൽ എത്തിക്കേണ്ടതുണ്ടെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ഇതു സംബന്ധിച്ച് മാർഗനിർദേശം ഇറങ്ങിയിട്ടില്ല. ചില ഓഫീസുകളിൽ ആവശ്യപ്പെടുന്ന രേഖകൾ മറ്റു സ്ഥലങ്ങളിൽ നൽകേണ്ടതില്ല.

ഫിറ്റ്‌നസ്, റീ രജിസ്‌ട്രേഷൻ അപേക്ഷകൾ വാഹനങ്ങൾ പരിശോധിക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിന് രേഖ നൽകാറില്ല. വാഹനപരിശോധന കഴിഞ്ഞാലും രണ്ടും മൂന്നും ആഴ്ച കഴിഞ്ഞാണ് ഓഫീസ് നടപടികൾ ആരംഭിക്കുക. അതിനുശേഷമേ ഓൺലൈനിൽ അപേക്ഷാ പുരോഗതി അറിയാനാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!