ഇന്ത്യ-പാക് മത്സരം: 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നു; 25,000 കോടി പാകിസ്താനിലെത്തി: റാവുത്ത്

മുംബൈ: ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തെച്ചൊല്ലി 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന ആരോപണവുമായി ശിവസേനാ (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത്. ഇതില്‍ 25,000 കോടി പോയിരിക്കുന്നത് പാകിസ്താനിലേക്കാണെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍നിന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് ആയിരംകോടി രൂപയാണെന്നും റാവുത്ത് പറഞ്ഞു. ഇന്നലത്തെ മത്സരത്തിനുമേല്‍ 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നു. ഇതില്‍ 25,000 കോടി പാകിസ്താനിലേക്കാണ് പോയത്. ഈ പണം നമുക്കെതിരേ ഉപയോഗിക്കപ്പെടും. ഇത് കേന്ദ്രസര്‍ക്കാരിനോ ബിസിസിഐയ്‌ക്കോ അറിയാമോ?, അദ്ദേഹം ആരാഞ്ഞു.
ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ഏഴുവിക്കറ്റ് ജയം കരസ്ഥമാക്കിയിരുന്നു. പാകിസ്താനെ 20 ഓവറില്‍ 127 റണ്‍സിലൊതുക്കിയ ഇന്ത്യ 25 പന്തുകള്‍ ശേഷിക്കെ, മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തിയിരുന്നു. സ്‌കോര്‍: പാകിസ്താന്‍ 20 ഓവറില്‍ 9-ന് 127. ഇന്ത്യ 15.5 ഓവറില്‍ 3-ന് 131.