KSDLIVENEWS

Real news for everyone

വിദേശത്തേക്ക് വീസ വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി 60ലക്ഷം രൂപയുടെ തട്ടിപ്പ്: തൃശൂർ സ്വദേശി അറസ്റ്റിൽ

SHARE THIS ON

കാഞ്ഞങ്ങാട്: വിവിധ ജില്ലകളിൽ ഒട്ടേറെപ്പേർക്കു വീസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസി‍ൽ തൃശൂർ അഷ്ടമിച്ചിറ സ്വദേശി പി.ബി.ഗൗതം കൃഷ്ണയെ (25) അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് ബെംഗളൂരുവിൽ നിന്നാണു പ്രതിയെ പിടികൂടിയത്.ജർമനിയിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത പ്രതി 30 പേരിൽ നിന്നായി 60 ലക്ഷത്തോളം രൂപയാണു തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.

പണം വാങ്ങിയശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയായിരുന്നു. കൃത്യമായ മറുപടി ലഭിക്കാതെ വന്നപ്പോഴാണു പണം നൽകിയവർ പരാതി നൽകിയത്. തട്ടിയെടുത്ത പണം കൊണ്ടു പ്രതി ബെംഗളൂരുവിൽ ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉപ്പിലിക്കൈയിലെ കെ.വി.നിധിൻജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്.

മറ്റൊരു പ്രതി ഒളിവിലാണ്.കാഞ്ഞങ്ങാട് ഡിവൈഎസ്പി സി.കെ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ് എസ്എച്ച്ഒ പി.അജിത്ത് കുമാർ, എഎസ്ഐ ആനന്ദ കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സനീഷ് കുമാർ, കമൽ കുമാർ, ജ്യോതിഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. സൈബർ വിദഗ്ധരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ടി.അനിൽ, സിവിൽ പൊലീസ് ഓഫിസർ രമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!