KSDLIVENEWS

Real news for everyone

ഇസ്രയേലിന് അചഞ്ചലമായ പിന്തുണയെന്ന് യുഎസ്; മധ്യസ്ഥതയ്ക്ക് ഖത്തറിനെ തുടർന്നും പ്രോത്സാഹിപ്പിക്കും

SHARE THIS ON

ജറുസലേം: ഗാസാ യുദ്ധത്തില്‍ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ ഉറപ്പുനല്‍കി അമേരിക്ക. തിങ്കളാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ഇസ്രയേലിന് പിന്തുണയറിയിച്ചത്.

ഗാസയിലെ ജനങ്ങള്‍ നല്ലൊരു ഭാവി അര്‍ഹിക്കുന്നുണ്ട്. പക്ഷേ, ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അവരുടെ മെച്ചപ്പെട്ട ഭാവിക്ക് തുടക്കംകുറിക്കാനാകില്ല. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ സായുധസംഘമെന്ന നിലയില്‍ ഹമാസിനെ അവസാനിപ്പിക്കേണ്ടതുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്നതില്‍നിന്ന് പിന്മാറുന്നതുവരെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നത് അമേരിക്ക തുടരുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.

അതേസമയം, ഗാസയിലെ മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ വഹിക്കുന്ന സുപ്രധാനപങ്കിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ഖത്തറിനെ തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

റൂബിയോയുടെ സന്ദര്‍ശനം അമേരിക്ക ഇസ്രയേലിനൊപ്പം നിലകൊള്ളുന്നുവെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞു. ഇസ്രയേലിന് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ സുഹൃത്തെന്ന് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിച്ച നെതന്യാഹു, ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയുംചെയ്തു.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ഇസ്രയേല്‍ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. തങ്ങളുടെ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് റൂബിയോയും നേരത്തേ പറഞ്ഞിരുന്നു.

അതിനിടെ, ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ക്കോ റൂബിയോ ചൊവ്വാഴ്ച ഖത്തര്‍ സന്ദര്‍ശിച്ചേക്കുമെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!