KSDLIVENEWS

Real news for everyone

ഞാൻ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയിൽ അല്ല: നെഹ്റുവിന്റെ കീഴിലായിരുന്നു; ചരിത്രം ഓർമ്മിപ്പിച്ച് പിണറായി

SHARE THIS ON

തിരുവനന്തപുരം: പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ ചരിത്രം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1947ന് ശേഷം കേരളത്തിൽ ഏറ്റവുമധികം പോലീസ് മർദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും കർക്കശ നിലപാട് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

തെറ്റായ കാര്യങ്ങൾ ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിലെ പോലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്ന വിഭാഗമാക്കി മാറ്റിയത് ആരായിരുന്നു എന്നും ചോദിച്ചു. ആയുധങ്ങളുമായി പോലീസ് ഗുണ്ടകളുടെ കൂടെ പോയി. ബോംബ് സംസ്കാരം തന്നെ കൊണ്ടുവന്നത് തന്നെ കോൺഗ്രസ് ആണ്. പോലീസിനെ ഉപയോഗിച്ച് അന്ന് അവർ സിപിഎമ്മിനെ നേരിട്ടുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം:

ഞാൻ ചെറുപ്പം മുതലേ ഇവിടെ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിൽ ആയിരുന്നില്ല. ജവഹർലാൽ നെഹ്റു നേതൃത്വം കൊടുത്ത കോൺഗ്രസ് ഭരണത്തിൻ കീഴിലായിരുന്നു രാജ്യമാകെ. അവിടെയുള്ള പോലീസ് അതിന്റെ ഭാഗമായിട്ടാണ് കേരളത്തിലേയും പോലീസ് പ്രവർത്തിച്ചിരുന്നത്. പോലീസിനെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെ പോലീസിനെക്കുറിച്ചാണ്. അതിന്റെ ഒരു തുടർച്ചയാണ് പിന്നീട് ഇവിടെയുണ്ടായത്. യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ ഒരുക്കിയ പോലീസ് സംവിധാനം ജനങ്ങൾക്കെതിരേയുള്ള സംവിധാനമായിരുന്നു. ജനങ്ങളെ എല്ലാ രീതിയിലും മർദിച്ച് ഒതുക്കുന്നതിനുള്ള സംവിധാനം. അതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ സമരരരംഗത്തിറങ്ങിയവരെ അതിക്രൂരമായി മർദിച്ച് ഒതുക്കാൻ ശ്രമിച്ചത്.

രാജ്യത്ത് ഉയർന്നു വന്നിട്ടുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളേയും അതേരീതിയിൽ തന്നെ അടിച്ചമർത്താനാണ് ശ്രമിച്ചത്. ഇത് സാമ്രാജ്യത്വ കാലത്താണ് നടന്നത് എങ്കിൽ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും അതേ നിലതന്നെയാണ് ഇവിടെ തുടർന്നു പോകുന്നത്. സ്വാതന്ത്ര്യ സമരകാലത്തെ ക്രൂരതകൾക്ക് ഇരയാവുകയും അതിനെതിരേ നല്ല രീതിയിൽ പ്രതികരിക്കുകയും ചെയ്ത നേതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യ ഭരണം നടക്കുന്ന കാലം വന്നപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി കോൺഗ്രസ് രാജ്യത്ത് നിലനിന്ന സമയത്ത് അതേ പോലീസ് നയമാണ് പിന്തുടർന്നത്.

ബ്രിട്ടീഷുകാരുടെ കാലത്ത് നടന്ന വാഗൺ ട്രാജഡി എല്ലാവരേയും വേദനിപ്പിച്ച കാര്യമാണ്. കയ്യൂരിലും കരിവള്ളൂരിലും കർഷക സമരങ്ങൾക്ക് നേരെ നടന്ന അടിച്ചമർത്തലുകൾ, ദിവാൻ ഭരണകാലത്ത് അഞ്ചുരൂപ പോലീസിന്റെ സിംസൺ പടയുടെ ക്രൂരതകൾ, കടക്കൽ, കല്ലറ, പാങ്ങോട് സമരങ്ങളിൽ ജനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ ഇതെല്ലാം നേരത്തെ നടന്നതായിരുന്നുവെങ്കിൽ 1947ന് ശേഷം ഏറ്റവും കൂടുതൽ മർദനത്തിനിരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അത് സ്റ്റാലിനെ അനുകരിച്ചത് കൊണ്ടാണോ എന്നറിയില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കാര്യങ്ങൾ രാജ്യത്ത് നടന്നരുന്നത്. അന്ന് ഇവിടെ ഏതെല്ലാം തരത്തിലുള്ള ക്രൂരതകളാണ് അരങ്ങേറിയത് എന്നത് എല്ലാവർക്കും അറിയാം. കമ്മ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത് എന്നത് ചരിത്ര വസ്തുതയാണ്. അതൊക്കെ ചെയ്യാനുള്ള കരുത്ത് എങ്ങനെയാണ് കിട്ടിയത്. ചെയ്യുന്നവർക്ക് എല്ലാം സംരക്ഷണവും.

ഒരുഘട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നതിനായ കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തു. അവരും പോലീസും ചേർന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരെ തിരക്കിപ്പോയിരുന്നത്. എത്രയോ ഉദാഹരണങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് പറയാനുണ്ടാകും. അക്കാലത്ത് വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്ന റോഡുകൾ കുറവാണ്. ഉൾപ്രദേശങ്ങളിൽ നിന്ന് കമ്മ്യൂണിസ്റ്റുകാരെ പിടിച്ചാൽ അവരുടെ വാഹനം പാർക്കു ചെയ്ത സ്ഥലം വരെ തല്ലിക്കൊണ്ടായിരുന്നു പോയിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആളുകൾ വരാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി നടന്ന ഏതെങ്കിലും സംഭവത്തിൽ കുറ്റവാളികൾക്കെതിരേ അതിക്രമം കാണിച്ചവർക്കെതിരേ എന്തെങ്കിലും നടപടിയെടുത്തോ? മർദനം മാത്രമല്ല, ലോക്കപ്പിനകത്ത് ഇടിച്ചിടിടച്ച് അതിക്രൂരമായി കൊല്ലുന്ന അവസ്ഥ ഉണ്ടായില്ലേ?

മണ്ടോടി കണ്ണനെ പോലെയുള്ളവരെ എത്ര ക്രൂരമായാണ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നത്. ഏതെങ്കിലും നടപടി ഉണ്ടായോ? ലോക്കപ്പിലിട്ട് തല്ലിക്കൊല്ലൽ മാത്രമല്ല, ലോക്കപ്പിൽ ഉണ്ടായിരുന്ന ആളെ അവിടന്ന് ഇറക്കിക്കൊണ്ട് പോയി പാടിക്കുന്നിൽ നിർത്തിയല്ലേ വെടിവെച്ച് കൊന്നത്. 1950ൽ അല്ലേ അത്. രാജ്യ റിപ്പബ്ലിക് ആയതിന് ശേഷമല്ലേ അത്. കമ്മ്യൂണിസ്റ്റുകാരെ എന്തും ചെയ്യാമെന്ന അവസ്ഥയായിരുന്നില്ലേ? ഏതെങ്കിലും നടപടി ഉണ്ടായോ?

പ്രക്ഷോഭങ്ങളുടെ നേരെ, സമരങ്ങളുടെ നേരെ സ്വീകരിച്ചിരുന്ന സമീപനം ഓരോ ഘട്ടത്തിലും എത്ര ക്രൂരമായിരുന്നു. കേരളത്തിന്റെ പൊതു ചിത്രമെന്തായിരുന്നു. തെരുവുകളിൽ തല്ലുകൊണ്ട് രക്തം വാർന്നൊലിക്കുന്ന എത്രയെത്ര വിദ്യാർഥികളേയും യുവാക്കളേയുമാണ് ഒരു കാലത്ത് നാം കണ്ടിരുന്നത്. എത്രഭീകരമായ മർദനമായിരുന്നു അത്. മർദിച്ചവർക്കെതിരേ എന്തെങ്കിലും നടപടി ഉണ്ടായോ?

കേരളത്തിൽ പ്രകടനം പോലും നടത്താൻ പറ്റാത്ത ഒരു കാലമുണ്ടായിരുന്നു. പ്രകടനം നടത്തുമ്പോൾ അതിന് നേരെ പോലീസ് ചാടി വീണ് തല്ലിപ്പിരിക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു അത്. ജന്മിമാർക്കെതിരേ മുദ്രാവാക്യം വിളിക്കാൻ പറ്റില്ല, ഫാക്ടറിയിലെ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ ഉയർത്തിക്കൊണ്ട് പ്രക്ഷോഭം നടത്താൻ പറ്റില്ല. അങ്ങനെ ഉണ്ടായാൽ തല്ലിപ്പിരിക്കുമായിരുന്നു. ആ പോലീസുകാർ അത്തരത്തിൽ ചെയ്തത് അവർക്ക് സംരക്ഷണം കിട്ടിയത് കൊണ്ടാണ്.

രാജ്യത്ത് തന്നെ നടപ്പായ ഈ നയം ആദ്യം മാറ്റം കുറിക്കുന്നത് കേരളത്തിലാണ്. അതിനിടയാക്കിയത് 1957-ൽ തിരഞ്ഞെടുപ്പിൽ എത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരാണ്. അത് കഴിഞ്ഞതിന് ശേഷം വീണ്ടും പഴയതിലേക്ക് പോയി. ലോക്കപ്പ് ഇടിമുറികളാക്കി മാറ്റി.

പോലീസ് വലിയൊരു സേനയാണ്. അതിൽ ഏതെങ്കിലും ചില ആളുകൾ തെറ്റായ കാര്യങ്ങൾ ചെയ്താൽ അത് സംരക്ഷിക്കേണ്ട ബാധ്യത സാധാരണഗതിയിൽ ഞങ്ങൾക്കില്ല. പക്ഷെ, കോൺഗ്രസ് ഒരു ഘട്ടത്തിലും അതല്ല സ്വീകരിച്ചത്.

കോൺഗ്രസ് സ്വീകരിച്ചത് പഴേ നില തന്നെയാണ്. എന്നാൽ 2016ന് ശേഷം ഞങ്ങൾ സ്വീകരിക്കുന്ന നില തെറ്റുചെയ്യുന്നവർക്കെതിരേ കർക്കശമായ നടപടി എന്നതാണ്. അത് കോൺഗ്രസിന് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. ഈ നാട്ടിൽ പോലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്ന ഒരു വിഭാഗമാക്കി മാറ്റിയത് ആരായിരുന്നു? ഇതൊക്കെ സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്ന കാര്യമാണോ?

2006-ൽ പോലീസിന് പുതിയ മുഖം നൽകാനാണ് ശ്രമിച്ചത്. നല്ല മാറ്റം ആ കാര്യത്തിൽ ഉണ്ടായി. അതിന്റെ ഏറ്റവും വലിയ തെളിവ് ആ ജനമൈത്രി സ്വഭാവം നല്ല രീതിയിൽ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ഭരണ സംവിധാനം 2006-11 കഴിഞ്ഞതിന് ശേഷം പിന്നെ വരുന്നത് 2016-നാണ്. അതിന് ശേഷമുള്ള പോലീസിന്റെ ഇടപെടൽ, നിപ ബാധിച്ച ഘട്ടം, പ്രളയം, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു മുഖമാണ് കേരളാ പോലീസിന്റേത്. അത് ജനോന്മുഖമായിരുന്നു. ജനങ്ങൾക്ക് വേണ്ടി താത്പര്യപൂർവ്വം ഇടപെടുന്ന പോലീസുകാരെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. അത്തരം ഒരു അവസ്ഥ വന്നപ്പോൾ അതിന്റെ ഭാഗമായി വലിയ മാറ്റം കേരളത്തിലെ പോലീസിൽ ആകെ ഉണ്ടായിട്ടുണ്ട്. മഹാഭൂരിപക്ഷം ഈ സംസ്കാരത്തിലേക്ക് വന്നിട്ടുണ്ട്. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ കാര്യങ്ങൾ പോലീസ് യൂണിഫോം ഇട്ടു എന്നത് കൊണ്ട് എല്ലാവരിൽ നിന്നും ഒഴിഞ്ഞു പോയി എന്ന് വരില്ല. ചില വ്യക്തികൾ ഈ പുതിയ സമീപനം അതേപോലെ ഉൾക്കൊള്ളാത്തവരുണ്ടാകും. അത്തരം ആളുകൾ തെറ്റ് ചെയ്താൽ ആ തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഒരു തരത്തിലും അവരെ സംരക്ഷിക്കാൻ തയ്യാറാകില്ല.

2016 മേയ് മുതൽ 2024 ജൂൺ വരെ 108 പോലീസുകാരെയാണ് പിരിച്ചു വിട്ടത്. ഇത്തരത്തിൽ ഏതെങ്കിലും ഒരു നടപടി ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ കോൺഗ്രസ് എടുത്തിട്ടുണ്ട് എന്ന് പറയാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വർഷമായി ആകെ 144 പോലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയിൽ നിന്ന് പിരിച്ചുവിട്ടു. രാജ്യത്ത് മറ്റ് എവിടെയെങ്കിലും ഇത്രയും കർക്കഷമായ നടപടി സ്വീകരിച്ച് ഒരു സർക്കാരിനെ കാണാൻ സാധിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!