KSDLIVENEWS

Real news for everyone

യെമനിൽ കനത്ത ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ: ഹുദൈദ തുറമുഖ നഗരം ആക്രമിക്കുമെന്ന് മുന്നറിയിപ്പ്, ഒഴിഞ്ഞു

SHARE THIS ON

സന: ഗാസയിൽ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹുദൈദയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഐഡിഎഫ് നേരത്തെ നിർദേശം നൽകിയിരുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയിൽ നിന്ന് മാറണമെന്ന് നിർദേശിച്ചു. തൊട്ടുപിന്നാലെ ഹുദൈദ നഗരം ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടക്കുകയായിരുന്നു.

‘‘ഹൂതി ഭീകര സംഘടനയ്‌ക്കെതിരായ സമുദ്ര, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കാൻ യെമനിലെ ഹുദൈദ തുറമുഖം വ്യോമസേന ഇപ്പോൾ ആക്രമിച്ചിരിക്കുന്നു. ഹൂതി ഭീകര സംഘടന തുടർന്നും പ്രഹരങ്ങൾ ഏറ്റുവാങ്ങും. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും വേദനാജനകമായ മറുപടി നൽകും’’ – ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ, ഐഡിഎഫ് കമാൻഡർമാർ എന്നിവർ ടെൽ അവീവിലെ കിരിയ സൈനിക ആസ്ഥാനത്ത് സൈനിക നടപടിക്ക മേൽനോട്ടം വഹിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് യെമനിൽ ഐഡിഎഫ് ആക്രമണം ശക്തിപ്പെടുത്തിയത്. നേരത്തേ തലസ്ഥാന നഗരമായ സനായിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. സെപ്റ്റംബർ 10ന് നടന്ന ഇസ്രയേൽ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെടുകയും 160 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സനായിലെ സൈനിക ആസ്ഥാനവും ഇന്ധന സ്റ്റേഷനുമാണ് അന്ന് ഇസ്രയേൽ ആക്രമിച്ചത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാറ്റ്‌ലൈറ്റ് ന്യൂസ് ചാനലായ അൽ-മസിറയുടെ ഓഫിസിനും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!