ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്, കോവിഡിന് ശേഷം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ മരണനിരക്ക് അപകടകരമായ രീതിയില്‍ വർധിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ട്. കോവിഡിന് ശേഷം കേരളത്തില്‍ മരണനിരക്ക് വർധിച്ചു. എന്നിട്ടും നമ്ബർ വണ്‍ കേരളം എന്ന് പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.
ആരോഗ്യകേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ്. മിഷണറിമാർ സഹായിച്ചിട്ടുണ്ട്. സാമൂഹ്യസംഘടനകള്‍ സഹായിച്ചിട്ടുണ്ട്. മാറി മാറി വന്ന സർക്കാരുകള്‍ എല്ലാകാലത്തും അതിന് സംഭാവന ചെയ്തിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യസംവിധാനം, ശിശുമരണ നിരക്ക് കുറച്ചതുള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങളുണ്ട്. പക്ഷേ, ഇതെല്ലാം ഒന്നാമതാണ് എന്ന് പറഞ്ഞ് കഴിഞ്ഞ കുറേ വർഷങ്ങളായി സ്തംഭിച്ച അവസ്ഥയിലാണ്. ഇത് തിരിച്ചറിയണം. മറ്റുള്ള സ്ഥലങ്ങളില്‍ ഉണ്ടാകുന്നതുപോലെ മാറ്റം പല കാര്യങ്ങളിലും ഉണ്ടാകുന്നില്ല. കേരളം പത്തിരുപത്തഞ്ച് വർഷം പിറകിലോട്ട് പോവുകയാണ്. ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്. എന്താ കാരണം എന്ന് അന്വേഷിക്കണ്ടേ? ഹെല്‍ത്ത് ഡാറ്റ ശേഖരിക്കുന്നില്ലേ? അത് പരിഹരിക്കാനുള്ള സംവിധാനം വേണ്ടേ?- വി.ഡി. സതീശൻ ചോദിച്ചു.
കോവിഡിനുശേഷം കേരളത്തിലെ മരണനിരക്ക് വർധിച്ചു. പെട്ടെന്ന് ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വളരെ അപകടകരമായ തരത്തില്‍ മരണനിരക്ക് വർധിച്ചിട്ടുണ്ട്. അപകടകരമായ രീതിയിലേക്ക് കേരളത്തിലെ മനുഷ്യന്റെ ആരോഗ്യം പോകുകയാണ്- വി.ഡി. സതീശൻ പറഞ്ഞു.
നിയമസഭയില്‍ അടിയന്തരപ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.