ദോഹയിലെ ഇസ്രായേല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം നടപ്പാക്കാൻ ജിസിസി രാഷ്ട്രങ്ങള്‍

ദോഹ: ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജിസിസി രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്കായി സംയുക്ത പ്രതിരോധ സംവിധാനം കൊണ്ടുവരാൻ ആലോചന
ഇതുമായി ബന്ധപ്പെട്ട് ജിസിസി സുപ്രിം കൗണ്‍സില്‍ യോഗം ചേർന്നു. ഇന്നലെ ചേർന്ന അറബ് – ഇസ്ലാമിക ഉച്ചകോടി ഇതുസംബന്ധിച്ച നിർദേശം സമർപ്പിച്ചിരുന്നു.
അടിയന്തര അറബ് -ഇസ്ലാമിക് ഉച്ചകോടിക്കു ശേഷം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുടെ അധ്യക്ഷതയിലാണ് ജിസിസി സുപ്രിം കൗണ്‍സില്‍ സമ്മേളിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ചുചേർക്കാൻ സംയുക്ത പ്രതിരോധ കൗണ്‍സിലിന് യോഗം നിർദേശം നല്കി. ഇതിന് മുന്നോടിയായി ഉന്നത സൈനിക സമിതിയുടെ കൂടിയാലോചന നടക്കും. സംയുക്ത പ്രതിരോധ സംവിധാനം നടപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ സംയുക്ത സൈനിക കമാൻഡിനും നിർദേശം നല്കി.
റിയാദ് ആസ്ഥാനമായാണ് സംയുക്ത കമാൻഡ് പ്രവർത്തിക്കുന്നത്. 2013 ഡിസംബറില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് ജിസിസിയിലെ ആറു രാഷ്ട്രങ്ങളും ചേർന്ന് സംയുക്ത സൈനിക കമാൻഡിന് രൂപം നല്‍കിയിരുന്നത്. കമാൻഡിനു കീഴിലാണ് സംയുക്ത പ്രതിരോധ സംവിധാനം വികസിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുക. പുതിയ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമല്ല.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ജിസിസി യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഖത്തർ അമീറിന് പുറമേ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ്, യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ്, ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ്, ഒമാൻ ഉപപ്രധാനമന്ത്രി ഷിഹാബ് ബിൻ താരിഖ്, ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി എന്നിവർ യോഗത്തില്‍ പങ്കെടുത്തു.