പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് നല്കുന്ന പാരിതോഷികം: യൂറോപ്പ് ഗുരുതരമായ പ്രശ്നത്തില്‍; ഡൊണാള്‍ഡ് ട്രംപ്

യുഎന്‍: പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഔദ്യോഗികമായി ഹമാസിന് നല്കുന്ന വലിയൊരു പാരിതോഷികമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ പലസ്തീന് രാഷട്രത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം. യുഎന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും വേണ്ടിയുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവര്‍ത്തിച്ചു. സംഘര്‍ഷം തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതുപോലെ, ഈ സഭയിലെ ചിലര്‍ ഏകപക്ഷീയമായി ഒരു പലസ്തീന് രാഷ്ട്രത്തെ അംഗീകരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹമാസ് ഭീകരര്‍ക്ക് അവരുടെ ക്രൂരതകള്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമായിരിക്കും ഇതെന്നും ട്രംപ് പറഞ്ഞു.
ബന്ദികളെ വിട്ടയക്കാനോ വെടിനിര്‍ത്തല്‍ അംഗീകരിക്കാനോ അവര്‍ വിസമ്മതിക്കുമ്പോള്‍ പോലും, പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നത് ‘ഒക്ടോബര്‍ എഴ് ഉള്‍പ്പെടെയുള്ള ഭീകരമായ ക്രൂരതകള്‍ക്കുള്ള പ്രതിഫലമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ബന്ദികളെ ജീവനോടെയോ അല്ലാതെയോ മോചിപ്പിക്കുന്നതിന് പിന്നില്‍ ഒന്നിക്കണമെന്ന് യുഎസ് പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. സമാധാനം ആഗ്രഹിക്കുന്നവര്‍ ബന്ദികളുടെ മോചനത്തിനായി ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും പോര്‍ച്ചുഗലും പലസ്തീനെ അംഗീകരിച്ചതിനുപിന്നാലെ ഫ്രാന്‍സും ഇന്ന് പലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.
ഒരു മണിക്കൂറിനടത്താണ് ട്രംപ് യുഎന്നില്‍ സംസാരിച്ചത്. രാജ്യത്തിന്റെ ‘പരമാധികാരവും സുരക്ഷയും’ പ്രതിരോധിക്കാനുള്ള ഒരു സംവിധാനമായാണ് യുഎസ് താരിഫ് നയം ഉപയോഗിക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
‘ഞങ്ങള്‍ എല്ലാ രാജ്യങ്ങളുമായും ശക്തമായ വ്യാപാരവും വാണിജ്യവും ആഗ്രഹിക്കുന്നു. ഞങ്ങള്‍ രാജ്യങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, സഹായിക്കുകയും ചെയ്യും. എന്നാല്‍ അത് ന്യായവും പരസ്പരം പ്രയോജനപരവും ആയിരിക്കണം. ‘നിയമങ്ങള്‍ ലംഘിച്ച രാജ്യങ്ങള്‍, വ്യാപാര നിയമങ്ങള്‍ പാലിച്ച രാജ്യങ്ങള്‍ക്ക് പ്രതികൂലമായി മാറി. ‘അതുകൊണ്ടാണ് യുഎസ് ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്തുന്നത്. വര്‍ഷങ്ങളോളം ഇതേ താരിഫുകള്‍ ഞങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്നത് പോലെ തന്നെ, ഞങ്ങള്‍ താരിഫുകളെ ഒരു പ്രതിരോധ സംവിധാനമായി ഉപയോഗിച്ചു’ ട്രംപ് പറഞ്ഞു.
കുടിയേറ്റം തടയുന്നതിനുള്ള സ്വന്തം ശ്രമങ്ങളെയും ട്രംപ് പ്രശംസിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലേതടക്കമുള്ള വിദേശ നേതാക്കള്‍ അത് സ്വീകരിക്കുന്നതാണ് ബുദ്ധിയെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍, ‘നിങ്ങളുടെ രാജ്യങ്ങള്‍ നശിപ്പിക്കപ്പെടും’ എന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
യൂറോപ്പ് ഗുരുതരമായ പ്രശ്നത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി അന്യരാജ്യങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തുന്നുവെന്നും അത് തടയാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ മരണമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരണം നടത്തി.

