KSDLIVENEWS

Real news for everyone

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും
കഫ് സിറപ്പ് മരണങ്ങള്‍: അന്വേഷിക്കാൻ കേന്ദ്രസംഘം

SHARE THIS ON

മധ്യപ്രദേശിലും രാജസ്ഥാനിലും സൗജന്യ കഫ് സിറപ്പ് കുടിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്രസംഘം അന്വേഷണം ആരംഭിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) യിൽ നിന്നുള്ള സംഘമാണ് സിറപ്പിന്റെ സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റ് ചെയ്യുന്നത്. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. രാജസ്ഥാനിൽ നിന്നും സമാനമായ കേസുകൾ പുറത്തുവന്നതിനെത്തുടർന്ന് ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ബാച്ചുകളുടെ വിതരണം അടിയന്തരമായി നിർത്തി വെക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു.

രാജസ്ഥാനിലെ സിക്കറിൽ സംസ്ഥാന സർക്കാരിന്‍റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസ്സുള്ള കുട്ടി മരിച്ചതും, ഭരത്പൂരിൽ അതേ സിറപ്പ് കഴിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമായതുമാണ് അന്വേഷണത്തിന് കാരണമായത്.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ, കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ രണ്ട് തരം സിറപ്പുകൾ കഴിച്ചതിനെത്തുടർന്ന് ആറ് കുട്ടികൾ വൃക്ക അണുബാധയെ തുടർന്ന് മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മരണങ്ങളും പരിശോധിക്കും. കൂടുതൽ ദുരന്തമുണ്ടാകുന്നത് തടയാൻ കോൾഡ്രിഫ്, നെക്സ്ട്രോ-ഡിഎസ് സിറപ്പുകൾ ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.

നിരവധി ജില്ലകളിലായി കഫ് സിറപ്പ് കുടിച്ച കുട്ടികളുടെ ആരോഗ്യനില വഷളായതായി രാജസ്ഥാൻ ഡ്രഗ് കൺട്രോളർ അജയ് ഫടക് സ്ഥിരീകരിച്ചു. പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പിന്‍റെ മുഴുവൻ വിതരണവും നിർത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സിറപ്പ് കുട്ടികളുടെ ഉപയോഗത്തിന് അനുയോജ്യമല്ലെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. കാരണം ഗുരുതരാവസ്ഥയിലായ കുട്ടികളെല്ലാം അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. എന്നാൽ സിക്കാർ ജില്ലയിലെ കേസിൽ, സ്വയം മരുന്ന് കഴിച്ച് പരിശോധിച്ച് നോക്കിയ സിഎച്ച്സിയുടെ ചുമതലയുള്ള ഡോക്ടർക്കും രണ്ട് ഡ്രൈവർമാർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!