ഏറ്റുമുട്ടലില്‍ 200- ൽ അധികം താലിബാന്‍ സൈനികരെ വധിച്ചെന്ന് പാകിസ്താന്റെ അവകാശവാദം; സൈനിക പോസ്റ്റുകളും പിടിച്ചെടുത്തു

ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200-ലേറെ താലിബാന്‍ സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍. ഏറ്റുമുട്ടലില്‍ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാകിസ്താന്‍ പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
അഫ്ഗാനിസ്താന്റെ 19 സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായാണ് പാക് സൈന്യം അവകാശപ്പെടുന്നത്. അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന പാകിസ്താനി താലിബാനും യാതൊരു പ്രകോപനവുമില്ലാതെയാണ് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതെന്നും പാക് സൈന്യം അറിയിച്ചു. താലിബാന്‍ ആക്രമണത്തെ ശക്തമായി ചെറുത്തെന്നും താലിബാന്റെ വിവിധയിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പാക് സൈന്യം അവകാശപ്പെട്ടു.
അതിര്‍ത്തിമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് നേരത്തേ പറഞ്ഞിരുന്നു. മുപ്പതിലേറെ പാക് സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാന്‍ പാകിസ്താന് മുന്നറിയിപ്പ് നല്‍കുകയുംചെയ്തു. ഏറ്റുമുട്ടലില്‍ 20 അഫ്ഗാന്‍ സൈനികരും കൊല്ലപ്പെട്ടെന്നും താലിബാന്‍ വക്താവ് അറിയിച്ചു.
‘സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാകിസ്താന്‍ കണ്ണടച്ചു. അഫ്ഗാനിസ്താന് ഞങ്ങളുടെ കര, വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഒരു ആക്രമണത്തിനും മറുപടി നല്‍കാതിരിക്കില്ല. പാകിസ്താന്‍ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങള്‍ക്കും ഐഎസ് ഒരു ഭീഷണിയാണ്’, സബീഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്താനിലുണ്ടായിരുന്ന ഐഎസ് ഭീകരരെ നേരത്തേ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നതായി താലിബാന്‍ വക്താവ് പറഞ്ഞു. എന്നാല്‍, പഷ്തൂണ്‍ഖവായില്‍ അവര്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങള്‍ വഴി ഈ കേന്ദ്രങ്ങളിലേക്ക് ആളുകളെ അവര്‍ പരിശീലനത്തിനായി എത്തിച്ചു. അഫ്ഗാനിസ്താനില്‍ നടന്ന ആക്രമണങ്ങളും ഈ കേന്ദ്രങ്ങളിലാണ് ആസൂത്രണംചെയ്തതെന്നും അതിന് തെളിവുകളുണ്ടെന്നും താലിബാന്‍ വക്താവ് പറഞ്ഞു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ചുകയറുകയോ വ്യോമാതിര്‍ത്തി ലംഘിക്കുകയോ ചെയ്താല്‍ ആരായാലും കടുത്ത പ്രതികരണം നേരിടേണ്ടിവരുമെന്നും ഖത്തറും സൗദി അറേബ്യയും അഭ്യര്‍ഥിച്ചതിനാലാണ് പാകിസ്താന് നേരേയുള്ള വ്യോമാക്രമണം തങ്ങള്‍ നിര്‍ത്തിയതെന്നും സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് കാബൂളിലെ രണ്ടിടങ്ങളിലടക്കം അഫ്ഗാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങളുണ്ടായത്. ഇതിനുപിന്നില്‍ പാകിസ്താനാണെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആരോപണം. പാകിസ്താന്‍ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും താലിബാന്‍ ആരോപിച്ചിരുന്നു. എന്നാല്‍, അഫ്ഗാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്താന്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
അതേസമയം, പാകിസ്താനി താലിബാനെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്താന്‍ അഫ്ഗാനിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ വിവിധമേഖലകളില്‍ ഇരുസൈന്യങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ, പാകിസ്താനി താലിബാന്‍ എന്ന സംഘടന പാക് പോലീസ് ട്രെയിനിങ് സെന്ററില്‍ ഉള്‍പ്പെടെ ചാവേര്‍ ആക്രമണവും നടത്തി.