കൂക്കിവിളികളും കരിങ്കൊടി പ്രതിഷേധവും; രാഹുലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, വകവെക്കാതെ എംഎല്‍എ

പാലക്കാട്: പിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ.
‘ഗോ ബാക്ക്’ വിളികളുമായി രാഹുലിന്റെ വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകരെ നേരിടാൻ യുഡിഎഫ് നേതാക്കളും എത്തി. പ്രതിഷേധം വകവെക്കാതെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ രാഹുല്‍ പ്രദേശത്തെ വീടുകളില്‍ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
രാഹുലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവർത്തകർ പ്രതിരോധം തീർത്തു. പ്രവർത്തകർ പൊന്നാട അണിയിച്ചാണ് രാഹുലിനെ സ്വീകരിച്ചത്.
എന്നാല്‍ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. രാഹുലിനെ തടയാൻ ബിജെപി പ്രവർത്തകരും പ്രദേശത്ത് എത്തി. പിരായിരിയില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനായിരുന്നു രാഹുല്‍ എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന രാഹുലിനെ തടയുമെന്ന് നേരത്തെ തന്നെ ഡിവൈഎഫ്‌ഐയും ബിജെപിയും അറിയിച്ചിരുന്നു.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മണ്ഡലത്തില്‍ സജീവമാകാനുള്ള നീക്കത്തിലാണ്. ഫ്ളക്സുകളും പോസ്റ്ററുകളും വെച്ച് പരമാവധി പ്രചാരണം നല്‍കിയാണ് രാഹുലിന്റെ പിരായിരിയിലെ പൊതുപരിപാടി യുഡിഎഫ് സജീവമാക്കിയത്.
സ്ത്രീകളുടെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ 38 ദിവസം മാറി നിന്നതിനുശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് തിരിച്ചെത്തിയത്. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാഹുല്‍ പിരായിരിയില്‍ എത്തിയത്.
മാധ്യമങ്ങളെ പോലും അറിയിക്കാതെ, മണ്ഡലത്തില്‍ എത്തി കെഎസ്‌ആർടിസി പാലക്കാട് – ബെംഗളൂരു സർവീസിന്റെ ഉദ്ഘാടനവും നഗരസഭാ പരിധിയിലെ കുടുംബശ്രീയുടെ വാർഷികാഘോഷ പരിപാടിയിലും രാഹുല്‍ പങ്കെടുത്തിരുന്നു. രാഹുലിനെ ഒളിപ്പിച്ച് രഹസ്യമായാണ് ഒരോ പരിപാടികളിലും കോണ്‍ഗ്രസ് നേതാക്കള്‍ എത്തിക്കുന്നതെന്ന് ഡിവൈഎഫ്‌ഐയുടെയും ബിജെപിയുടെയും പരിഹാസവും ഇതിന് പിന്നാലെ ഉയർന്നിരുന്നു.