KSDLIVENEWS

Real news for everyone

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയത് സ്വാതന്ത്ര്യ സമര പോരാട്ടം: ഹുസൈൻ സഖാഫി ചുള്ളിക്കോട്

SHARE THIS ON

കോഴിക്കോട്: ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും കാന്തപുരം വിഭാഗം നേതാവുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്.

ഫലസ്തീൻ എന്ന വിഷയം ആർക്കും വേണ്ടാതായ സമയത്താണ് ഹമാസ് ചെറുത്തുനില്‍പ് നടത്തിയതെന്ന് ചുള്ളിക്കോട് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തെ ആരും തീവ്രവാദമെന്ന് പറയില്ലല്ലോ. അതേപടി, ഹമാസ് നടത്തിയത് അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചെറുത്തുനില്‍പാണെന്ന് താൻ ഉറച്ചുവിശ്വസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ വീട്ടില്‍ ഭാര്യയെയും മക്കളെയും കൊന്നവനോട് പ്രതികാരം ചെയ്യണമെന്ന് ആഗ്രഹം വന്നാല്‍ അതിനെ ഭീകരവാദമെന്നോ തീവ്രവാദമെന്നോ ബുദ്ധിയുള്ള ആർക്കെങ്കിലും പറയാൻ പറ്റുമോ എന്നാണ് ചുള്ളിക്കാട് ചോദിച്ചത്.

‘ഒക്ടോബർ ഏഴ് എന്തുകൊണ്ട് സംഭവിച്ചു എന്നറിയാൻ 72 വർഷത്തെ ചരിത്രം പരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞത് വെറുതെയല്ല. മറന്നുപോയവർക്കൊക്കെ കാര്യങ്ങള്‍ ഓർമവരാൻ ഒകടോബർ ഏഴ് കാരണമായി. അക്രമത്തിന്റെ ന്യായാന്യായത്തെപറ്റിയല്ല, അതാണോ ചെറുത്തുനില്‍പിന്റെ രീതി എന്നതിനെക്കുറിച്ചുമല്ല. അടിച്ചമർത്തപ്പെടുമ്ബോള്‍ രക്ഷപ്പെടണമെന്ന് ആഗ്രഹം എല്ലാവർക്കുമുണ്ടാകും എന്നത് സ്വാഭാവികമാണ്. ബ്രിട്ടീഷുകാരെ നാടുകടത്തണമെന്നത് ദേശ സ്‌നേഹമാണെന്ന് മനസിലാക്കുന്നത് പോലെ എല്ലാ നാട്ടുകാർക്കും ദേശ സ്‌നേഹമുണ്ടാകും എന്ന് ചിന്തിക്കുന്നത് നല്ലതാണ്’ എന്ന് ഹുസൈൻ സഖാഫി ചുള്ളിക്കോട് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!