KSDLIVENEWS

Real news for everyone

154 തടവുകാരെ ഈജിപ്തിലേക്ക് നാടുകടത്താന്‍ ഇസ്രായേൽ: അന്യായമാണെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ

SHARE THIS ON

കെയ്റോ: ഗസ്സയിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ച് ലോകരാജ്യങ്ങൾ. ഈജിപ്തിലെ ശറമു ശൈഖിൽ ചേർന്ന സമാധാന ഉച്ചകോടിയിൽ യു.എസ്പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഉൾപ്പെടെ ഇരുതോളം രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളുമാണ് കരാറിൽ ഒപ്പുവെച്ചത്. പശ്ചിമേഷ്യയില്‍ പുതിയ പുലരിയുടെ തുടക്കം കുറിക്കുന്നതാണ് കരാറെന്ന് ട്രംപ് അവകാശപ്പെട്ടു. യുദ്ധാനന്തര ഗസ്സയുടെ ഭാവി, ആഗോള സമാധാനസേന, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന അവ്യക്തത കരാറിന്‍റെ പ്രധാന ദൗർബല്യമാണ്.

ഗസ്സയിൽ ശാശ്വത സമാധാനമാണ് പുലർന്നിരിക്കുന്നതെന്നും പുനർ നിർമാണം ഉൾപ്പടെയുളള വിഷയങ്ങളിൽ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും ട്രംപ് പറഞ്ഞു.വെടിനിർത്തലിന് മുന്നിട്ടിറങ്ങിയ ട്രംപിനെ വിവിധ രാജ്യങ്ങൾ പ്രശംസിച്ചു.വെടിനിർത്തലിന്‍റെ ഭാഗമായി ഇന്നലെ ഉച്ചയോടെയാണ് ഇരുപത് ബന്ദികളെ ഹമാസ് ഇസ്രായേലിന് കൈമാറിയത്. തുടർന്ന് നാല് ബന്ദികളുടെ മൃതദേഹങ്ങളും കൈമാറി. അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാത്ത ഹമാസ് നടപടി കരാർ ലംഘനമാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ മൃതദേഹങ്ങൾ ഒരു ദിവസം കൊണ്ട്കൈമാറണമെന്ന് കരാറിൽ പറയുന്നില്ലെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. കരാർ പ്രകാരം ഇസ്രായേൽ വിട്ടയച്ച നൂറുകണക്കിന് ഫലസ്തീൻകാർക്ക് ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയിലെ ഖാൻ യൂനുസിൽ വീരോചിത സ്വീകരണമാണ് ലഭിച്ചത്. ഇസ്രായേൽ തടവറകളിൽ നേരിട്ട കൊടിയ പീഡനങ്ങൾ മൂലം തളർന്ന അവസ്ഥയിലാണ് വിട്ടയച്ച ഫലസ്തീൻ തടവുകാരിൽ ഏറെയും. ഇതിനു പുറമെ കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ ഈജിപ്ത് ഉൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിർബന്ധിതമായി നാടുകടത്തുമെന്ന വാർത്തയും ഉറ്റവരെ ഞെട്ടിച്ചു. ഇത് അന്യായമാണെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ ചൂണ്ടിക്കാട്ടി.

എല്ലാ വിലക്കുകളും മറികടന്ന് ഗസ്സയലേക്ക് സഹായം ഉറപ്പു വരുത്തണമെന്ന് യു.എൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇന്നുമുതൽ ദിനംപ്രതി 400 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തി വിടാനാണ് ഇസ്രായേൽ നിർദേശം. അതിനിടെ, ഇസ്രായേൽ പിന്തുണയോടെ ഗസ്സയിൽ സജീവമായ പ്രാദേശിക കൊള്ളസംഘങ്ങൾ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ഹമാസ് മുന്നറിയിപ്പ് നൽകി. ഹമാസിനെതിരെ പോരാടാൻ ഈ സംഘങ്ങളെ പ്രാപ്തരാക്കുകയാണ് ഇസ്രായേൽ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!