റെയില്‍വേ പോലീസിന്റെ ഓപ്പറേഷന് പൊതിച്ചോര്‍: വന്ദേഭാരതിന്റെ അടുക്കളയ്ക്ക് നോട്ടീസ്

തിരുവനന്തപുരം: വന്ദേഭാരത് തീവണ്ടിയില്‍ വിതരണം ചെയ്യുന്ന ഭക്ഷണമുണ്ടാക്കുന്ന തൈക്കാട്ടുള്ള ബേസ് കിച്ചണില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാചകംചെയ്യുന്നതായി കണ്ടെത്തി. തീവണ്ടികളിലും റെയില്‍വേ പ്ലാറ്റ്ഫോമുകളിലും നല്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനായി റെയില്‍വേ പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ‘ഓപ്പറേഷന് പൊതിച്ചോര്‍’ എന്നപേരില്‍ പ്രത്യേക പരിശോധനയിലാണ് കണ്ടെത്തല്‍. തുടര്‍ന്ന് കിച്ചണ്‍ അധികൃതര്‍ക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം നോട്ടീസ് നല്കി.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ ഹോട്ടലുകളിലും ടീ ഷോപ്പുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നായിരുന്നു പരിശോധന. റെയില്‍വേ പോലീസ് മേധാവി ഷഹന്‍ഷാ കെ.എസിന്റെ നിര്‍ദേശപ്രകാരമായിരുന്നു ‘ഓപ്പറേഷന് പൊതിച്ചോര്‍’ നടത്തിയത്. തമ്പാനൂരില്‍ നടന്ന പരിശോധനയില്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ടി.ഡി.ബിജു, എസ്ഐ സി.ജയന്, എസ്.ഐ. ഷിബി തുടങ്ങിയവര്‍ നേതൃത്വം നല്കി.