KSDLIVENEWS

Real news for everyone

500 മടങ്ങ് അധികം വിഷാംശം; 3 ഇന്ത്യൻ ചുമമരുന്നുകൾക്കെതിരെ ലോകാരോഗ്യ സംഘടന

SHARE THIS ON

ന്യൂഡൽഹി : മധ്യപ്രദേശിൽ വ്യാജ ചുമമരുന്നു കഴിച്ച് 22 കുട്ടികൾ മരിച്ചതിനു പിന്നാലെ, അത്തരം രണ്ടു മരുന്നുകൾ കൂടി അപകടകരമെന്നു തിരിച്ചറിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ട്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് ഈ പട്ടികയിലുള്ളത്.

ചുമ മരുന്ന് കേസിൽ ജാമ്യം നിഷേധിച്ച് കോടതി
കുട്ടികളുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം മൂലം ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉൽപാദന ലൈസൻസ് അടുത്തിടെ റദ്ദാക്കിയിരുന്നു. കോൾഡ്രിഫ്, സിറപ്പിൽ രാസവസ്തുവായ ഡൈഎഥിലീൻ ഗ്ലൈക്കോൾ (ഡിഇജി) ഉപയോഗിച്ചതായി ലാബ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു.”

∙ അടങ്ങിയത് അനുവദനീയമായതിന്റെ 500 മടങ്ങ്

ഈ മൂന്നു മരുന്നുകളും ഗുരുതരവും ജീവന് ഭീഷണിയുമായ രോഗങ്ങൾക്കു കാരണമാകുമെന്നും അതിനാൽ അപകടകാരികളാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ ഇന്ത്യൻ അധികൃതരോട് അന്വേഷിച്ചിരുന്നു.

കോൾഡ്രിഫ് സിറപ്പിൽ, വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്റെ ഏകദേശം 500 മടങ്ങ് അളവിൽ അടങ്ങിയിരുന്നെന്നും മധ്യപ്രദേശിൽ അടുത്തിടെ മരിച്ച കുട്ടികൾ ഇത് കഴിച്ചിരുന്നുവെന്നുമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഡബ്ല്യുഎച്ച്ഒയെ അറിയിച്ചത്. എങ്കിലും ഇത്തരം മരുന്നുകളൊന്നും ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തിട്ടില്ലെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!