KSDLIVENEWS

Real news for everyone

വെടിനിര്‍ത്തല്‍ ലംഘിച്ച്‌ ഇസ്രായേല്‍ ആക്രമണം: ഗസ്സയില്‍ 11 പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്തു

SHARE THIS ON

ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിർത്തല്‍ കരാറിലെത്തിയിട്ടും സമാധാനമില്ലാതെ ഗസ്സ. ഇന്നലെ നടന്ന ആക്രമണത്തില്‍ ഗസ്സയില്‍ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു.

ഇതോടെ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇസ്രായേല്‍ വധിച്ചവരുടെ എണ്ണം 28 ആയി. നിലവിലെ സാഹചര്യത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാൻ പൂർണമായും തങ്ങള്‍ ഒരുക്കമല്ലെന്നും ഫലസ്തീനിലെ മറ്റു സായുധ വിഭാഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ഹമാസ് അറിയിച്ചു.

ഗസ്സ സിറ്റിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേല്‍ നിറയൊഴിച്ചത്. സൈതൂണ്‍ പ്രദേശത്ത് വെച്ച്‌ നടന്ന ആക്രമണത്തില്‍ മുഴുവൻ പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പൂർണമായും ആയുധം താഴെവെക്കാൻ തങ്ങള്‍ തയ്യാറാണോ എന്നത് നിലവില്‍ പറയാനാവില്ലെന്ന് ഹമാസ് നേതാവ് മുഹമ്മദ് നസ്സാല്‍ പറഞ്ഞു. നിരായുധീകരണം മറ്റു ഫലസ്തീൻ സായുധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിശാലമായ വിഷയമാണെന്നും ഗസ്സയിലെ ക്രിമിനല്‍ സംഘങ്ങളെ അമർച്ച ചെയ്യാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.

ഇന്നലെ ഗസ്സയില്‍ നിന്ന് ഹമാസ് കൈമാറിയ ഒരു മൃതദേഹം കൂടി ഇസ്രയേല്‍ തിരിച്ചറിഞ്ഞു. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം പത്തായി. അവശേഷിച്ച 18 മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് കൈമാറിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ഇസ്രായേല്‍ മുന്നറിയിപ്പ്. യുഎസ് പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഫോണില്‍ ഇതു സംബന്ധിച്ച്‌ ചർച്ച നടന്നതായി അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ രാജ്യങ്ങള്‍ മുഖേന ഹമാസിനുമേല്‍ പരമാവധി സമ്മർദം ചെലുത്തി മൃതദേഹങ്ങളുടെ കൈമാറ്റം ത്വരിതഗതിയിലാക്കാനാണ് യുഎസ് നീക്കം. എന്നാല്‍ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന് ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് നേരത്തെ അറിയിച്ചിരുന്നു.

ആകെ 360 മൃതദേഹങ്ങളാണ് ഇസ്രായേല്‍ കൈമാറേണ്ടത്. എന്നാല്‍ 120 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കൈമാറിയത്. റഫ അടഞ്ഞുകിടക്കുന്ന സാഹചര്യം മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സഹായ ഏജൻസികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!