KSDLIVENEWS

Real news for everyone

അഫ്ഗാനിസ്ഥാൻ പിന്മാറിയാലും പരമ്പര നടത്താൻ പി.സി.ബി: അസോസിയേറ്റ് രാജ്യങ്ങളും പരിഗണനയിൽ

SHARE THIS ON

കാബൂള്‍: അഫ്ഗാനിസ്ഥാൻ പിന്മാറിയാലും ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുമായി മുന്നോട്ടുപോകുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. അഫ്ഗാനിസ്ഥാന് പകരം മറ്റൊരു ടീമിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പിസിബി. നവംബർ 17 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ശ്രീലങ്കയും പരമ്പരയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറുന്നതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ആക്രമണത്തിൽ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സൗഹൃദമത്സരം കളിക്കാനായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങള്‍ക്ക്‌ ആക്രമണത്തിൽ ജീവന്‍ നഷ്ടമായത്.

അഫ്ഗാനിസ്താൻ പിന്മാറിയാലും ത്രിരാഷ്ട്ര പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് മുതിർന്ന പിസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഞങ്ങൾ പകരമൊരു ടീമിനെ തേടുകയാണ്, അന്തിമ തീരുമാനമായാൽ പ്രഖ്യാപനമുണ്ടാകും. ശ്രീലങ്കയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം, അതിനാൽ നവംബർ 17 മുതൽ പരമ്പര ആരംഭിക്കും. – പിസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാന് പകരം നേപ്പാൾ, യുഎഇ അടക്കമുള്ള അസോസിയേറ്റ് അംഗങ്ങളും പിസിബിയുടെ പരിഗണനയിലുണ്ട്. എന്നാൽ ത്രിരാഷ്ട്ര പരമ്പരയിൽ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ പങ്കെടുപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക രാജ്യങ്ങള്‍ക്ക് നവംബര്‍ മാസം മറ്റുപരമ്പരകളുണ്ട്. അതിനാല്‍ ടീമുകള്‍ക്ക് ഈ ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കാനാവില്ല. നവംബര്‍ 21ന് ആഷസ് പരമ്പരയ്ക്ക് തുടക്കമാവും. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ ഇന്ത്യയുമായി മത്സരമുണ്ട്. അതിനാലാണ് അസോസിയേറ്റ് അംഗങ്ങളെയും പരിഗണിക്കുന്നത്.

പ്രാദേശിക ക്രിക്കറ്റ് താരങ്ങളായ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ താരങ്ങള്‍ക്കാണ് പാക് വ്യോമാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക്‌ ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്‌സില്‍ കുറിച്ചു.

പാകിസ്താന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തിയിരുന്നു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!