ശിരോവസ്ത്ര വിലക്ക്; മുസ്‌ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ എന്ന് വേർതിരിവ് വേണ്ട: അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്. മുസ്ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ എന്ന് വേർതിരിച്ചുള്ള പരാമർശത്തിനാണ് കോടതി താക്കീത് നൽകിയത്. അഭിഭാഷകയായ ബിമല ബേബിക്കാണ് ഹൈക്കോടതി താക്കീത് നൽകിയത്. സ്‌കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂവെന്ന് ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപ്പെട്ടു.
മതം തിരിച്ച് പറയേണ്ടതില്ലെന്നും കുട്ടികളെ വേർതിരിച്ച് കാണുന്നത് എന്തിനെന്നും ഹൈക്കോടതി വിമർശിച്ചു. അതേസമയം, ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹരജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹരജിയിൽ വിദ്യാർഥിനിയുടെ പിതാവും കക്ഷി ചേരും.
അടുത്ത വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി.ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. തങ്ങളുടേത് സിബിഎസ്ഇ സ്‌കൂളാണെന്നും അതിനാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡിഡിഇയ്ക്കും ഇത്തരം നടപടികൾ സ്വീകരിക്കാനുള്ള അധികാരമില്ലെന്നും ഇതൊരു അമിതാധികാര പ്രയോഗമാണെന്നുമായിരുന്നു സ്‌കൂൾ സമർപ്പിച്ച ഹരജിയിലെ വാദം.