ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും; 200 രൂപ ഉയര്‍ത്തി 1800 രൂപ വീതം നല്‍കാന്‍ ആലോചന

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ തുക 1800 രൂപയായി ഉയര്‍ത്താനാണ് നിലവില്‍ ആലോചിക്കുന്നത്. നിലവില്‍ ക്ഷേമ പെന്‍ഷന്‍ തുക 1600 രൂപയാണ്. 200 രൂപ വര്‍ദ്ധിപ്പിച്ച് 1800 രൂപയില്‍ എത്തിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
2021-ല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെന്‍ഷന്‍ 2500 രൂപയില്‍ എത്തിക്കുക എന്നത്. ഈ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ നിലവിലെ തുകയില്‍ നിന്ന് 900 രൂപയുടെ വര്‍ദ്ധനവ് ആവശ്യമാണ്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നിലവിലെ തുക ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാരുള്ളത്. പെന്‍ഷന്‍ വിതരണം ഏറെക്കാലം മുടങ്ങിയെങ്കിലും, നിലവില്‍ കുടിശ്ശികകള്‍ തീര്‍ത്ത്, എല്ലാ മാസവും നല്‍കുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ക്ഷേമ പെന്‍ഷനുകളിലെ കുടിശ്ശികകള്‍ തീര്‍ക്കാനുള്ള തീരുമാനം.
പെന്‍ഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച പ്രഖ്യാപനം നവംബറില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉണ്ടാകും എന്നാണ് സൂചന. നവംബര്‍ ഒന്നിന് വിളിച്ചുചേര്‍ക്കുന്ന ഈ പ്രത്യേക നിയമസമ്മേളനം, സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളും ഉടന്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളും പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്. ഈ സമ്മേളനത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.