നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

ഒട്ടാവ: കാനഡയുടെ മണ്ണിൽ കാലുകുത്തിയാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റുചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) വാറന്റ് നടപ്പാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതിതീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ കാർണി പറഞ്ഞു. നെതന്യാഹുവിനെതിരേയുള്ള ഐസിസി അറസ്റ്റുവാറന്റ് നടപ്പാക്കുമെന്ന് സഖ്യകക്ഷിയായ ഒരു പാശ്ചാത്യരാഷ്ട്രം ആദ്യമായാണ് പ്രഖ്യാപിക്കുന്നത്. നേരത്തേ പലസ്തീന്റെ രാഷ്ട്രപദവിയും കാനഡ അംഗീകരിച്ചിരുന്നു. മനുഷ്യാവകാശസംഘടനകളും അറബുരാഷ്ട്രങ്ങളും കാർണിയെ പ്രശംസിച്ച് രംഗത്തെത്തി. ഇത് കാനഡയുമായുള്ള തങ്ങളുടെ ബന്ധം വഷളാക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പുനൽകി.
ഗാസയിലെ യുദ്ധത്തിൽ മാനവരാശിക്കെതിരേ കുറ്റകൃത്യം ചെയ്തെന്നു കാണിച്ച് 2024 നവംബർ 21-നാണ് നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരേ ഐസിസി അറസ്റ്റുവാറന്റിറക്കിയത്. ഇസ്രയേൽ നേതാക്കൾ ഗാസക്കാർക്കെതിരേ പട്ടിണിപോലും ആയുധമാക്കി മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ ചെയ്‌തെന്ന് ഉത്തരവിൽ ആരോപിക്കുന്നു.