വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര ഉദ്യാന’മായി സ്മാരകം നിർമ്മിക്കുന്നത്. വി.എസിന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകമെന്ന പ്രത്യേകതയും ഇതിനുണ്ട്.
പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ് പാർക്ക് യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഒരുക്കും. വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികൾക്കുള്ള കളിയിടം, ഒരു ജിംനേഷ്യം, പുൽത്തകിടിയിൽ വിശ്രമിക്കാനുള്ള സൗകര്യം, മനോഹരമായ ജലധാര, ആമ്പൽ തടാകം എന്നിവ പാർക്കിന് അഴകേകും. ഇതുകൂടാതെ, ലഘുഭക്ഷണ കിയോസ്കുകൾ, പൊതു ശൗചാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂർ സുരക്ഷാ സംവിധാനം എന്നിവയും ഇവിടെയുണ്ടാകും.
ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വി.എസ് അച്യുതാനന്ദന്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കും. പാർക്കിന്റെ നിർമ്മാണോദ്ഘാടനം 22ന് രാവിലെ 11 മണിക്ക് പാളയത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് ട്രിഡ ചെയർമാൻ കെ സി വിക്രമൻ അറിയിച്ചു.