രാഷ്ട്രപതി ഇന്ന് ശബരിമലയിൽ, പമ്പയിൽ കെട്ടുനിറയ്ക്കും: സന്നിധാനത്തെ ഓഫീസ് രണ്ടുമണിക്കൂർ രാഷ്ട്രപതിഭവൻ

പത്തനംതിട്ട: പമ്പയിൽനിന്ന് ഇരുമുടിക്കെട്ടുനിറച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ബുധനാഴ്ച ശബരിമലയിൽ അയ്യപ്പദർശനം നടത്തും. പതിനെട്ടാംപടി ചവിട്ടി രാവിലെ 11.50-ന് മേലേതിരുമുറ്റത്തെത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഒരുമണിക്കൂർ 10 മിനിറ്റ് സോപാനത്ത് രാഷ്ട്രപതി ഉണ്ടാകും.
രാഷ്ട്രപതിയെയുംകൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലിക്കോപ്റ്റർ കാലാവസ്ഥാപ്രശ്നം മൂലം നിലയ്ക്കൽ ഇറങ്ങില്ല. പകരം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറങ്ങുക. ഇതിനുള്ള ട്രയൽ റൺ നേരത്തേ നടത്തിയിരുന്നു. 9.05-ന് പ്രമാടത്ത് ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോകും. 11.50-ഓടെ സന്നിധാനത്തെത്തും. നേരത്തേ നിലയ്ക്കലിലിറങ്ങി, പമ്പയിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ രാവിലെ തീരുമാനം മാറ്റുകയായിരുന്നു.
ഗൂർഖ വാഹനവ്യൂഹത്തിലാണ് പുറപ്പെടുക. പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കും. ക്ഷേത്രമേൽശാന്തിമാരായ വിഷ്ണുനമ്പൂതിരി, ശങ്കരൻനമ്പൂതിരി എന്നിവരാണ് കെട്ടുനിറച്ചുനൽകുന്നത്. എത്രപേരാണ് രാഷ്ട്രപതിയുടെ കൂടെയുണ്ടാകുകയെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിട്ടില്ല. 50 പേർക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം പമ്പയിൽ ഒരുക്കുന്നുണ്ട്.
സന്നിധാനത്തെ ഓഫീസ് കോംപ്ലക്സ് രണ്ടുമണിക്കൂർ ‘രാഷ്ട്രപതിഭവൻ’
ശബരിമലദർശനം കഴിഞ്ഞശേഷം രാഷ്ട്രപതി, സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് രണ്ടുമണിക്കൂർ തങ്ങുന്നത്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജൻസികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈകെട്ടിടത്തിൽ ഈയിടെ നവീകരിച്ച അടുക്കളയിൽ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതിഭവൻ ജീവനക്കാർ എത്തിയിട്ടുണ്ട്. 3.10-ന് സന്നിധാനത്തുനിന്ന് മടങ്ങുന്ന രാഷ്ട്രപതി 4.20-ന് നിലയ്ക്കൽനിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ തിരിക്കും.
രാഷ്ട്രപതിയുടെ വരവ്
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വരവ് ശബരിമലയുടെ വികസനത്തിനുകൂടി പ്രയോജനപ്പെട്ടേക്കും. രണ്ടുതരത്തിലാണ് രാഷ്ട്രപതിയുടെ ശബരിമലദർശനം ഉപകാരപ്പെടുക. ആചാരങ്ങളിലെ വ്യത്യസ്തത, പരിസ്ഥിതിയോടിണങ്ങിയ തീർഥാടനം എന്നിങ്ങനെയുള്ള പ്രത്യേകതകൾക്ക് കൂടുതൽ പ്രചാരം ലഭിക്കുമെന്നതാണ് ഒന്ന്. ശബരിമലയുടെ പ്രാധാന്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക് കുറെക്കൂടി ശക്തമായി എത്താനിടയാക്കും എന്നതാണ് രണ്ടാമത്തെ കാര്യം.
ശബരിമല വികസനത്തിന്റെ പ്രധാന പ്രതിസന്ധി പണത്തിന്റെ കുറവാണ്. ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, വികസനപദ്ധതികളിൽ ഉൾപ്പെടുത്താവുന്നതാണെന്ന ശുപാർശ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നൽകിയേക്കും. ശബരിമല വിമാനത്താവളം, ശബരി റെയിൽ പദ്ധതി, റോപ്വേ, പമ്പയിലെ സുരക്ഷാപാലം, ശബരിമല ക്ഷേത്രത്തിന്റെ സമഗ്രമാറ്റം തുടങ്ങിയവയ്ക്ക് കേന്ദ്രസഹായം ലഭ്യമായാൽ വികസനത്തിന് വേഗം കൂടും.
ശബരിമല സ്ഥിതിചെയ്യുന്നത് പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിലായതിനാൽ വനഭൂമി വിട്ടുകിട്ടുന്നതടക്കമുള്ള കാര്യങ്ങളിൽ കേന്ദ്രസർക്കാരിനുമാത്രമേ തീരുമാനമെടുക്കാനാകൂ. ശബരിമലയെ ദേശീയ തീർഥാടനപദവിയിലേക്കുയർത്തണമെന്നതും വർഷങ്ങളായുള്ള ആവശ്യമാണ്. ശബരിമലവികസനം ആവശ്യപ്പെട്ടുള്ള വിശദമായ നിവേദനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ ബുധനാഴ്ച രാഷ്ട്രപതിക്ക് നൽകുന്നുണ്ട്.
വി.വി. ഗിരി എത്തിയപ്പോൾ കിട്ടിയത് 50 ഏക്കർ വനഭൂമി
കേരള ഗവർണറായിരിക്കേ 1962-ലും രാഷ്ട്രപതിയായിരിക്കേ 1973-ലും വി.വി. ഗിരി ശബരിമല ദർശനത്തിനെത്തിയിട്ടുണ്ട്. ആദ്യവരവിൽ ചാലക്കയംവരെമാത്രമേ വാഹനസൗകര്യം ഉണ്ടായിരുന്നുള്ളൂ. ഗിരിയും ഭാര്യ സരസ്വതി ഗിരിയും ചാലക്കയത്തുനിന്ന് നടന്നാണ് പമ്പയിലും, അവിടെനിന്ന് സന്നിധാനത്തും എത്തിയത്.
ഈ യാത്രയ്ക്കുശേഷമാണ് ചാലക്കയത്തുനിന്ന് പമ്പയിലേക്കുള്ള റോഡിന് ഭൂമി, ദേവസ്വത്തിന് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയത്. 1962-ൽ ഗിരി എത്തിയപ്പോൾ ദേവസ്വത്തിന് 13 ഏക്കർമാത്രമേ ഉണ്ടായിരുന്നുള്ളൂ. ദർശനശേഷം രാജ്ഭവനിലെത്തിയ അദ്ദേഹം കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് 50 ഏക്കർ വനഭൂമികൂടി ലഭ്യമാക്കി.
1973-ൽ രാഷ്ട്രപതിയായിരിക്കേ ദർശനത്തിന് വന്നപ്പോൾ ഏഴുകോടി രൂപയുടെ മാസ്റ്റർപ്ലാനിന്റെ രണ്ടാംഘട്ടത്തിന് പണം അനുവദിക്കണമെന്ന കാര്യം കാണിച്ച് ദേവസ്വം ബോർഡ് നിവേദനം നൽകിയിരുന്നു.
1973 ഏപ്രിൽ 10-നാണ് രാഷ്ട്രപതി വി.വി. ഗിരി സന്നിധാനത്തെത്തിയത്. തന്ത്രി കണ്ഠര് ശങ്കരര് പൂർണകുഭം നൽകി സ്വീകരിച്ചു. ഗിരിക്കൊപ്പം മക്കളായ ശങ്കർ ഗിരി (അന്നത്തെ എംപി), ഭാസ്കർ ഗിരി, മല്ലികാ ഗിരി എന്നിവരുമുണ്ടായിരുന്നു. കോട്ടയത്തുനിന്നാണ് സംഘം പമ്പയിലെത്തിയത്. സന്നിധാനത്തേക്ക് ഡോളിയിൽ നീലിമലവഴിയായിരുന്നു യാത്ര.
രാഷ്ട്രപതിയെ വരവേൽക്കാൻ പാലാ ഒരുങ്ങി
രാഷ്ട്രപതിയെ വരവേൽക്കാൻ പാലാ ഒരുങ്ങി. പാലാ സെയ്ന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച എത്തുന്നത്. വൈകീട്ട് നാലിന് കോളേജിലെ ബിഷപ്പ് വയലിൽ ഹാളിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, പാലാ രൂപതാധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, മാണി സി. കാപ്പൻ എംഎൽഎ, പാലാ രൂപതാ മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ പങ്കെടുക്കുമെന്ന് കോളേജ് അധികൃതർ പത്രസമ്മേളത്തിൽ അറിയിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, മീഡിയ കോർഡിനേറ്റർ പ്രൊഫ. സിജു ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സെയ്ന്റ് തോമസ് കോളേജിലെ സമ്മേളനത്തിന്എത്തുന്നത് ആദ്യം
പാലാ: പാലാ സെയ്ന്റ് തോമസ് കോളേജിൽ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുമ്പോൾ അത് പുതിയ ചരിത്രമാകും. ഈ കലാലയത്തിലെ ഒരുചടങ്ങിന് ആദ്യമായാണ് രാഷ്ട്രപതി എത്തുന്നത്. മുമ്പ് ഉപരാഷ്ട്രപതിയായിരുന്ന വി.വി. ഗിരി കോളേജിലെത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനത്തുനിന്നും വിരമിച്ചശേഷം എ.പി.ജെ. അബ്ദുൾ കലാം കോളേജിലെ പൊതുപരിപാടിയിൽ വിശിഷ്ടാതിഥിയായിരുന്നു.
പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും കലാലയത്തിലെ വിവിധപരിപാടികളിൽ ഉദ്ഘാടകരായിരുന്നു. ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരുന്നപ്പോൾ കെ.ആർ.നാരായണൻ കോളേജിലെ മൈതാനിയിൽ ഹെലികോപ്റ്ററിൽ എത്തിയശേഷമാണ്, മറ്റിടങ്ങളിലെ പൊതുപരിപാടികൾക്ക് പോയിരുന്നത്. എന്നാൽ, പാലാ സെയ്ന്റ് തോമസ് കോളേജിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല.
ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരി ഇവിടത്തെ മൈതാനിയിൽ വന്നിറങ്ങിയശേഷം പള്ളിക്കത്തോട്ടിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. രാഷ്ട്രപതിമാരായിരുന്ന പ്രതിഭാ പാട്ടീലും പ്രണബ്കുമാർ മുഖർജിയും ഭരണങ്ങാനം അൽഫോൻസാ തീർഥാടന കേന്ദ്രത്തിലെ പരിപാടികൾക്ക് പോയത് പാലാ നഗരത്തിലൂടെ വാഹനത്തിലാണ്. രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിങ് പാലായ്ക്ക് സമീപം രാമപുരം പള്ളിയിലെ ചടങ്ങിലും പങ്കെടുത്തിരുന്നു.
അരനൂറ്റാണ്ട് മുമ്പത്തെ ഓർമ്മകളുമായിഡോ.പി.ജി.ആർ. പിള്ള
“ശബരിമലയിൽ ആദ്യമായി രാഷ്ട്രപതിയെത്തുന്നത് അരനൂറ്റാണ്ടു മുൻപ്. 1973 ഏപ്രിൽ 10-നായിരുന്നു അത്. അന്നത്തെ രാഷ്ട്രപതി വി.വി.ഗിരിയെ സ്വീകരിച്ച് ഒപ്പം ശബരിമലയിൽ പോകാനുള്ള അവസരം എനിക്കുമുണ്ടായി”-അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ സേവനം ചെയ്തിരുന്ന ഡോ. പി.ജി.ആർ.പിള്ള ഓർക്കുന്നു.
“ഞാനടക്കം മൂന്ന് ഡോക്ടർമാർക്കാണ് അന്ന് രാഷ്ട്രപതിക്കൊപ്പം പോകാനുള്ള ഡ്യൂട്ടി കിട്ടിയത്. ഡോ.മാത്യു പാറയ്ക്കൽ, പരേതനായ ഡോ.മാത്യു വർഗീസ് എന്നിവരാണ് മറ്റ് രണ്ടുപേർ. അന്ന് കൊച്ചി നേവൽ ബേസിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറിലാണ് അദ്ദേഹം എത്തിയത്. റോഡുമാർഗം തലേന്ന് കോട്ടയം നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽവന്ന് താമസിച്ചു.
പോകുന്ന അന്ന് അതിരാവിലെ പ്രഭാതഭക്ഷണത്തിനുശേഷം 15 അംഗ സംഘമാണ് കോട്ടയത്തുനിന്ന് തിരിച്ചത്. രാഷ്ട്രപതിയുടെ കാറിന് മുന്നിലും പിന്നിലുമായി വാഹനവ്യൂഹം നീങ്ങി. അതിലെ ആംബുലൻസ്, ഞങ്ങളുടെ അവസാനവട്ട പരിശോധനയ്ക്ക് ശേഷമാണ് യാത്ര തിരിച്ചത്.
രാഷ്ട്രപതിയുടെ ആൺമക്കളും ഒപ്പമുണ്ടായിരുന്നു. ഉച്ചയോടെ സന്നിധാനത്ത് എത്തി. ആസമയം ദേവസ്വംബോർഡ് ഓഫീസിന് മുകളിൽ ഇന്ത്യൻ പതാകയും ഉയർത്തിയിരുന്നത് ഓർക്കുന്നു. അന്ന് ഇടുക്കി ജില്ലയിലായിരുന്നു ശബരിമല. ജില്ലാ കളക്ടർ ഡി.ബാബുപോളും ഞങ്ങളുടെ സംഘത്തിെനാപ്പമുണ്ടായിരുന്നു.
പന്പയിൽനിന്ന് പല സംഘമായിട്ടായിരുന്നു യാത്ര. മൃഗങ്ങൾ വരാതിരിക്കാൻ ചെണ്ടകൊട്ടിക്കൊണ്ട് ഒരുസംഘം മുന്നിൽപ്പോയി. മറ്റൊന്ന് ആദിവാസി സംഘമായിരുന്നു. അതിന് പിന്നിലായാണ് ഞങ്ങൾ ഡോക്ടർമാർ ഉൾപ്പെടുന്ന ഔദ്യോഗികസംഘം പോയത്. ഏറ്റവും അവസാനമാണ് രാഷ്ട്രപതി ഉൾപ്പെടെയുള്ളവർ നീങ്ങിയത്”.