KSDLIVENEWS

Real news for everyone

മൂന്ന് ടേം വ്യവസ്ഥയിൽ മാറ്റമില്ല; മൂന്നിൽ കൂടുതൽ തവണ ജനപ്രതിനിധിയായവർക്ക് പരിഗണന ലഭിക്കില്ല: പി.എം.എ സലാം

SHARE THIS ON

മലപ്പുറം: തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥ മാറ്റിയതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

മൂന്ന് ടേം വ്യവസ്ഥ എന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് പിഎംഎ സലാം പ്രതികരിച്ചു. മൂന്ന് തവണ മത്സരിച്ചവർക്ക് ഇത്തവണ ബന്ധപ്പെട്ട കമ്മറ്റികള്‍ ശുപാര്‍ശ ചെയ്താല്‍ മാത്രമേ മത്സരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി കൊണ്ടുവന്ന ഭേദഗതിയാണിതെന്നും മൂന്ന് തവണയില്‍ അധികം ജനപ്രതിനിധി ആയവര്‍ക്ക് ഈ പരിഗണന ലഭിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പിഎംഎ സലാം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് എസ്‌എഫ്‌ഐഒയുടെ വാറണ്ടും മകന് ഇഡി സമന്‍സും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കസ്റ്റംസിന്റെ അറസ്റ്റും വന്നപ്പോള്‍ ഉണ്ടായ സര്‍ക്കാരിന്റെ നിലപാട് മാറ്റമാണിതെന്ന് അദ്ദേഹം പറഞ്ഞു.




സിപിഐഎം ഇലന്തൂർ ലോക്കല്‍ കമ്മിറ്റി അംഗം കോണ്‍ഗ്രസില്‍; വീണാ ജോര്‍ജിനെതിരെ പോസ്റ്റിട്ടതിന് നടപടി നേരിട്ട നേതാവ്

‘നരേന്ദ്ര മോദിക്ക് മുന്നില്‍ പിണറായിയും പാര്‍ട്ടിയും മുട്ടില്‍ ഇഴയുന്നു. മുസ്ലിം ലീഗിന് നിലപാട് മാറ്റേണ്ടി വന്നിട്ടില്ല. തമിഴ്‌നാടും, ബംഗാളും പദ്ധതിയെ എതിര്‍ത്തു. കോടികളുടെ നഷ്ടം അവര്‍ക്ക് ഉണ്ടായി. എന്നാല്‍ കേരളം പഴയ നിലപാടില്‍ നിന്നും പിന്നോട്ട് പോയി’, പിഎംഎ സലാം പറഞ്ഞു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി മുസ്ലിം ലീഗ് സര്‍ക്കുലര്‍ ഇറക്കിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവരില്‍ മൂന്ന് തവണ മത്സരിച്ചവരുണ്ടെങ്കില്‍ അവര്‍ മാറിനില്‍ക്കണമെന്നായിരുന്നു ഈ സര്‍ക്കുലര്‍. ജില്ലാതലങ്ങളിലടക്കം ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ സര്‍ക്കുലറില്‍നിന്നും തീരുമാനത്തില്‍നിന്നും ലീഗ് മലക്കം മറിഞ്ഞു. നേരത്തെ വ്യവസ്ഥ മൂലം മാറി നിന്നവർക്ക് അനിവാര്യമാണെങ്കില്‍ മത്സരിക്കാം എന്നാണ് മുസ്‌ലിം ലീഗിന്‍റെ പുതിയ സർക്കുലർ. മത്സരിക്കാൻ ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതി മാത്രം മതി. പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനം എന്നാണ് ലീഗിന്റെ ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!