ഗള്‍ഫ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഒമാനിലെത്തി

മസ്കത്ത്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി. ഇന്ന് രാവിലെ 11 മണിക്ക് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രിയെ വരവേല്‍ക്കാൻ ഒമാനിലെ പൗരസമൂഹം എത്തി.
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ്, ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘാടകസമിതി അംഗങ്ങള്‍ തുടങ്ങിയവർ മുഖ്യന്ത്രിയെ സ്വീകരിച്ചു.
1999 ല്‍ മുൻമുഖ്യമന്ത്രി ഇ.കെ. നായനാരിന് ശേഷം ഒമാൻ സന്ദർശിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന മേഖലകളില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്. നാളെ മസ്കത്തിലെ അല്‍ അമരാത്ത് പാർക്കില്‍ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ സോഷ്യല്‍ ക്ലബ്ബിന്റെ കേരള വിംഗ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പരമ്ബരാഗത ഒമാനി, ഇന്ത്യൻ കലാരൂപങ്ങള്‍ പ്രദർശിപ്പിക്കും. നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ മേഖലകളിലെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി മുഖ്യമന്ത്രി മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുമായും ബിസിനസ് നേതാക്കളുമായും ചർച്ച നടത്തും. ശനിയാഴ്ച സലാലയില്‍ നടക്കുന്ന പ്രവാസോത്സവത്തിലും മുഖ്യമന്ത്രി മുഖ്യാതിഥിയാകും.