കണ്ടുപഠിക്കണം കേരള മോഡല്‍; വിദ്യാഭ്യാസനേട്ടങ്ങളില്‍ കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി

പാലാ: സാക്ഷരത, വിദ്യാഭ്യാസം എന്നിവയില്‍ കേരള മോഡലിനെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഇവ രണ്ടുംചേര്‍ന്നാണ് മാനവവികസന സൂചികകളില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാക്കി കേരളത്തെ മാറ്റിയതെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യാഴാഴ്ച പാലാ സെയ്ന്റ് തോമസ് കോളേജിന്റെ 75-ാം വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
21-ാം നൂറ്റാണ്ടിനെ അറിവിന്റെ നൂറ്റാണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. അറിവാണ് ഒരു ജനസമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അത് സ്വാശ്രയത്വം നല്‍കും. പാലാ സെയ്ന്റ് തോമസ് കോളേജുപോലെയുള്ള മികച്ച സ്ഥാപനങ്ങള്‍ വ്യക്തികളുടെ ഭാവിയെയും വിധിയെയും രൂപപ്പെടുത്തുന്ന പണിപ്പുരകളാണ്. ശ്രീനാരായണ ഗുരുവെന്ന മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവ് പറഞ്ഞത് വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ്. വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യക്തിയുടെയും സമൂഹത്തിന്റെയും വഴികളില്‍ പ്രകാശം പകരുന്നു. കോട്ടയത്തെ ഉഴവൂര്‍ ഗ്രാമത്തില്‍ ജനിച്ച കെ.ആര്‍. നാരായണന്‍ എളിയ ജീവിതസാഹചര്യങ്ങളില്‍നിന്ന് രാജ്യത്തെ പരമോന്നത പദവിവരെയെത്തി. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി വരച്ചുകാട്ടുന്ന ആ ജീവിതം പ്രചോദനം പകരുന്നതാണ് രാഷ്ട്രപതി പറഞ്ഞു.

