മരണം വിതച്ച് മോന്ത: ആന്ധ്രപ്രദേശില് നാലുപേർ മരിച്ചു; 1.76 ലക്ഷം ഹെക്ടര് പ്രദേശത്ത് കൃഷിനാശം

അമരാവതി: മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം കടന്നു. അയൽ സംസ്ഥാനമായ ഒഡിഷയിലും ഇതിൻ്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. ഒഡിഷയിലെ 15 ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. ആന്ധ്രപ്രദേശിൽ നാലുപേരുടെ മരണം സ്ഥിരീകരിച്ചിച്ചുണ്ട്. മോൻത മോൻത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നുവെന്നാണ് വിവരം. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചത്. ബംഗാൾ ഉൾക്കടലിലെ ഈ കാലാവസ്ഥാ പ്രതിഭാസം കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലൂടെ ആന്ധ്ര തീരം കടക്കുമെന്നും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാതധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിതീവ്ര ചുഴലിക്കാറ്റായ മോൻത ആന്ധ്രപ്രദേശിലുടനീളം കനത്ത മഴയ്ക്ക് കാരണമായി. നെല്ലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് വലിയ തോതിലുള്ള കാർഷിക നാശനഷ്ടങ്ങൾക്ക് കാരണമായി. ആന്ധ്രയിൽ 1.76 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായാണ് റിപ്പോർട്ട്. 38,000 ഹെക്ടറിലെ വിളകൾ നശിക്കുകയും 1.38 ലക്ഷം ഹെക്ടറിലെ ഹോർട്ടികൾച്ചർ കൃഷിയെ ബാധിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കനത്ത മഴ കാരണം ട്രെയിൻ, വിമാന സർവീസുകൾ താറുമാറായി. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൾട്ടയർ ഡിവിഷനിലുടനീളം നിരവധി ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും പുനഃക്രമീകരിക്കുകയും ചെയ്തു. സൗത്ത് സെൻട്രൽ റെയിൽവേ സോൺ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ആകെ 120 ട്രെയിനുകൾ റദ്ദാക്കി. വിമാനയാത്രയെയും സാരമായി ബാധിച്ചു. വിശാഖപട്ടണം വിമാനത്താവളം ചൊവ്വാഴ്ച ഷെഡ്യൂൾ ചെയ്ത 32 വിമാനങ്ങളും റദ്ദാക്കി, വിജയവാഡ വിമാനത്താവളം 16 എണ്ണം റദ്ദാക്കുകയും അഞ്ചെണ്ണം സർവീസ് നടത്തുകയും ചെയ്തു.
ആന്ധ്രപ്രദേശിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 29 വരെ ആന്ധ്രാപ്രദേശിലെയും യാനമിലെയും മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഈ കാലയളവിൽ ചിലയിടങ്ങളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 30-ന് വടക്കൻ തീരദേശ ആന്ധ്രപ്രദേശിൻ്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യുമെന്നും പ്രവചനമുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഗജപതി ജില്ലാ കളക്ടർ മധുമിത അറിയിച്ചു. “ഞങ്ങൾ ഇന്ന് രാവിലെ ആ പ്രദേശങ്ങൾ വൃത്തിയാക്കി. ആളപായം ഒഴിവാക്കുന്നതിനായി ദുർബല പ്രദേശങ്ങളിൽ നിന്ന് 10,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഗർഭിണികൾക്കും പ്രത്യേക പരിചരണം നൽകുന്നുണ്ട്. ഞങ്ങളുടെ ഉദ്യോഗസ്ഥർ സജീവമായി രംഗത്തുണ്ട്”, ജില്ലാ കളക്ടർ പറഞ്ഞു.
ഒമ്പത് പ്രമുഖ സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്ക് തുറക്കുന്നതുൾപ്പെടെ വിവിധ നടപടികൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഓടുന്നതും റദ്ദാക്കിയതും പുനഃക്രമീകരിച്ചതും വഴിതിരിച്ചുവിട്ടതുമായ എല്ലാ ട്രെയിനുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇവിടെ ലഭ്യമാണ്. ഇതുവരെ ഞങ്ങൾ 23 ട്രെയിനുകൾ റദ്ദാക്കി. കൂടുതൽ റീഫണ്ട് കൗണ്ടറുകൾ തുറന്നിട്ടുണ്ട്, അവിടെ ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനായി, മണ്ണുമാന്തി യന്ത്രങ്ങൾ വാഗണുകളിൽ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ഓവർഹെഡ് വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചാലും പ്രവർത്തിക്കാൻ കഴിയുന്ന 17 ഡീസൽ പവർ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. അവയിലെല്ലാം പൂർണ്ണമായി ഇന്ധനം നിറച്ചിട്ടുണ്ട്.
എല്ലാ ഓവർഹെഡ് വാട്ടർ ടാങ്കുകളിലും വെള്ളം നിറച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങാതിരിക്കാൻ ഞങ്ങൾ ധാരാളം ജനറേറ്റർ സെറ്റുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. മരം മുറിക്കുന്ന യന്ത്രങ്ങളെല്ലാം തയ്യാറാണെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായാൽ ഉപയോഗിക്കാൻ ഏതാനും സാറ്റലൈറ്റ് ഫോണുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുപ്പിവെള്ളം ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകരുതെന്ന് എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഞങ്ങളുടെ വാർ റൂം കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തിക്കുന്നുണ്ട്”,ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൾട്ടയർ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ ലളിത് ബോറ പറഞ്ഞു,
ഇതുവരെ 11,300 പേരെ ഒഴിപ്പിച്ചതായും ആകെ 30,000 പേരെ ഒഴിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നും ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. തെക്കൻ ഒഡിഷയിലെ എട്ട് ജില്ലകളായ ഗഞ്ചാം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കൻഗിരി, കാണ്ഡമാൽ, കാലഹണ്ടി, നബരംഗ്പൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഈ സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാർ പൂർണ്ണമായും തയ്യാറാണ്. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 2,040 ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ 11,396 പേരെ ഒഴിപ്പിച്ചു. 30 ഒഡിആർഎഫ്, 123 ഫയർഫോഴ്സ് യൂണിറ്റുകൾ, അഞ്ച് എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ടീമുകളെയും സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

