ചീനിക്കുഴി കൂട്ട കൊലപാതകം, പ്രായം പരിഗണിച്ചില്ല; മകനെയും കുടുംബത്തെയും ജീവനോടെ കത്തിച്ചു കൊന്ന കേസില്‍ പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം ചീനിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ മകനെയും മരുമകളെയും അവരുടെ രണ്ടു പെണ്‍മക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചീനിക്കുഴി ആലിയകുന്നേല്‍ ഹമീദി(82)നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. 82 വയസ്സായെങ്കിലും പ്രതിയുടെ പ്രായം പരിഗണിക്കുന്നില്ലെന്നും വധശിക്ഷ വിധിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
കൊലക്കുറ്റത്തിന് വധശിക്ഷയും നാലുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വീട് തീവെച്ചതിന് 10 വര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന്, കരുതിക്കൂട്ടി കൊലപാതകം നടത്തിയെന്നാണ് കേസ്.
ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നെന്നും നിസ്സഹായരെയാണ് പ്രതി ജീവനോടെ കത്തിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷക്ക് പ്രായം പരിഗണിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം പ്രായം പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
2022 മാര്‍ച്ച് 19-ന് ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് ചീനിക്കുഴി ആലിയക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്ന (13) എന്നിവര്‍ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് കൊല്ലപ്പെട്ടത്.
അര്‍ദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം പ്രതി അവരുടെ കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാലുപേരും മുറിക്കുള്ളില്‍ വെന്തുമരിച്ചു.
പ്രോസിക്യൂഷനുവേണ്ടി എം. സുനില്‍ മഹേശ്വരന്‍പിള്ള ഹാജരായി. 71 സാക്ഷികളെ പ്രോസിക്യൂഷനും മൂന്ന് സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചു. 137 രേഖകള്‍ തെളിവായി രേഖപ്പെടുത്തി.

