ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡ് കണ്ട് ഞെട്ടി തന്നെ കാണാൻ വന്നു: മുഖ്യമന്ത്രി

ദോഹ: കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽനിന്ന് കേരളത്തിലെത്തിയ കുട്ടിപോലും ഞെട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ ന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു പിണറായി വിജയൻ. 
ന്യൂയോർക്കിൽ താമസിക്കുന്ന ഒരു കുടുംബം കോട്ടയം വഴി പാലക്കാട് വരെ യാത്ര ചെയ്തപ്പോഴാണ് മനോഹരമായ റോഡുകൾ കണ്ടത്. ഈ കുട്ടി റോഡിനെ അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. പാലക്കാട്ടേക്കുള്ള യാത്രയിൽ കുതിരാൻ ടണലിലൂടെയുള്ള യാത്ര കുട്ടിയിൽ ആശ്ചര്യം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോർക്കിൽപ്പോലും ഇത്തരം റോഡുകളില്ലെന്ന് കുട്ടി അച്ഛനോടും അമ്മയോടും പറഞ്ഞു. അത് പറയാൻ വേണ്ടിമാത്രം കുട്ടിയേയും കൂട്ടി അവർ എന്റെ അടുത്ത് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് സദസ്സിൽനിന്ന് ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ദേശീയപാത പൂർത്തിയാകുന്നതോടെ റോഡുകളുടെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകും. അതോടൊപ്പം മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിലെ റോഡ് ഗതാഗതത്തിൽ വലിയ മാറ്റമുണ്ടാക്കും. നമ്മുടെ ജലഗതാഗത രംഗത്തും വലിയ വികസനങ്ങളാണ് നടക്കുന്നത്. കോവളം മുതൽ ബേക്കൽ വരെ നീളുന്ന ജലപാതയുടെ പ്രവർത്തി പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒന്നും നടക്കില്ലെന്ന് കരുതിയ കേരളം ഇന്ന് പശ്ചാത്തല വികസനത്തിൽ ഏറെ മുന്നേറിയിട്ടുണ്ട്. കേരള വികസനം നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് നീങ്ങിയെന്നും ദേശീയപാത പ്രവർത്തി തുടങ്ങാൻപോലും സാധ്യമല്ലെന്ന് പലരും കരുതിയിരുന്ന സ്ഥാനത്ത് ഇന്ന് അതിന്റെ പണി ഏറെ പൂർത്തിയാക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തിനിടയിൽ വികസന രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. പശ്ചാത്തല സൗകര്യത്തിൽ കേരളം പിന്നാക്കമാണെന്ന പരാതി ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

