സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്: 263 പേർ അറസ്റ്റില്‍; കൂടുതൽ കേസ് കോഴിക്കോട്

തിരുവനന്തപുരം: 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഗണ്ടിൽ ഇതുവരെ 263 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും, തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി.
സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരേയും എടിഎം വഴി പണം പിൻവലിച്ച 361 പേരേയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരേയും കണ്ടെത്തി. റെയ്ഡിൽ 382 കേസുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്തതത് 263 പേരെയാണ്. 125 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. കൂടുതൽ പ്രതികളും കേരളത്തിൽ തന്നെയുള്ളവരാണ്. വിദേശ കണ്ണികളും ഉണ്ട്. 300 ലധികം കോടിയുടെ സൈബർ തട്ടിപ്പ് ഇതുവരെ സംസ്ഥാനത്ത് നടന്നു.
കേസുകൾ കൂടുതൾ ഉള്ളത് കോഴിക്കോടാണ്. അറസ്റ്റ് കൂടുതൽ നടന്നത് മലപ്പുറം ജില്ലയിൽ, 30 അറസ്റ്റാണ് മലപ്പുറത്ത് മാത്രം നടന്നത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായി റെയ്ഡുകൾ നടത്തി. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പ്രതികൾ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള എല്ലാ തട്ടിപ്പുകളും പരിശോധിക്കാനും കൂടുതൽ അറസ്റ്റിലേക്ക് കടക്കാനുമാണ് പൊലീസിന്റെ നീക്കം.

