KSDLIVENEWS

Real news for everyone

തമ്മിലടിച്ചാല്‍ എങ്ങനെ ഭരണത്തിലെത്തും: കേരളത്തിലെ നേതാക്കളെ വിമര്‍ശിച്ച് രാഹുല്‍

SHARE THIS ON

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന കഴിഞ്ഞ് ആഴ്ചപിന്നിട്ടിട്ടും ഒരു യോഗംപോലും ചേരാനാകാത്തതിനെത്തുടർന്ന് ഹൈക്കമാൻഡ് ഓരോരുത്തരുമായും നേരിട്ടുനടത്തിയ ചർച്ചയിൽ നേതാക്കൾ പരാതിക്കെട്ടഴിച്ചു.

ജംബൊ പട്ടികയായിട്ടും രാഷ്ട്രീയകാര്യസമിതിയിലും ഭാരവാഹിപ്പട്ടികയിലും പലരും തഴയപ്പെട്ടുവെന്ന് എ ഗ്രൂപ്പ്. താൻ നിർദേശിച്ചത് ഒന്നോ രണ്ടോ പേരെ മാത്രമായിട്ടും പരിഗണിക്കപ്പെട്ടില്ലെന്ന് കെ. മുരളീധരൻ. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ നിർദേശിച്ച പലരെയും കെപിസിസി ഭാരവാഹിയാക്കിമാറ്റിയെന്ന് വി.ഡി. സതീശൻ. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ന്യായമായി ലഭിക്കേണ്ട പ്രസിഡന്റ്സ്ഥാനം അബിൻ വർക്കിക്ക് നിഷേധിച്ചത് രമേശ് ചെന്നിത്തലയ്ക്കെതിരായ നീക്കമായിരുന്നുവെന്ന് ഐ ഗ്രൂപ്പ്.

സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികളേറെ. പുതുതായി നിയമിച്ച വർക്കിങ് പ്രസിഡന്റുമാരെ പ്രസിഡന്റ് വല്ലാതെ ആശ്രയിക്കുന്നുവെന്നതാണ് ഒരു പരാതി. ദൈനംദിനം ഉണ്ടാകുന്ന കാര്യങ്ങളിലും നയപരമായി നിലപാടെടുക്കേണ്ട വിഷയങ്ങളിലും പ്രസിഡന്റും പ്രതിപക്ഷ നേതാവും അത് വ്യക്തമാക്കുന്നതിനുമുൻപേ പലനേതാക്കളും പരസ്യപ്രതികരണം നടത്തുന്നുവെന്ന് നേതൃത്വത്തിന്റെ പരാതി. കൂട്ടായ ചർച്ചയുണ്ടാകുന്നില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസ്ഥാനത്തെ സംഘടനാകാര്യങ്ങളിൽ കൂടുതലായി ഇടപെടുന്നുവെന്നതായിരുന്നു മറ്റൊരു പരാതി. ഭാരവാഹികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിമൂലം പ്രതിപക്ഷ നേതാവ് തുടർന്നുള്ള കാര്യങ്ങളിൽ സഹകരിക്കുന്നില്ലെന്ന് സതീശനെതിരേയും പരാതിയുണ്ടായി.

മിഷൻ 2026 അടക്കം താൻ മുൻകൈയെടുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചശേഷം തനിക്കെതിരേ പരാതിപറയുന്നതിൽ കാര്യമില്ലെന്ന് സതീശൻ. താനാണ് പ്രശ്നമെന്നു പറഞ്ഞവർ താൻ മാറിയിട്ടും തമ്മിലടിക്കുന്നത് കണ്ടില്ലേയെന്ന് കെ. സുധാകരൻ.

സംസ്ഥാനസർക്കാരിനെതിരായി വലിയ ജനരോഷമുണ്ടെന്നും തുടർഭരണം ഉണ്ടാകില്ലെന്നും നിങ്ങൾതന്നെ പറയുമ്പോൾ ഇങ്ങനെ തമ്മിലടിച്ചാൽ എങ്ങനെ ഭരണത്തിലെത്തുമെന്നായിരുന്നു രാഹുൽഗാന്ധിയുടെ ചോദ്യം.

ഒറ്റക്കെട്ടായിപ്പോകണമെന്നും പ്രശ്നപരിഹാരത്തിനായി ഇനി ആരും ഡൽഹിക്ക് വരേണ്ടെന്നും രാഹുൽ താക്കീതുചെയ്തു. ദീപാ ദാസ്‌മുൻഷിക്ക് തീരുമാനങ്ങളെടുക്കാൻ കർശനനിർദേശം നൽകി. പാർട്ടി നിലപാട് കെപിസിസി പ്രസിഡന്റും യുഡിഎഫ് നിലപാട് പ്രതിപക്ഷ നേതാവും ആദ്യം പറയട്ടെ. അതിന്റെ ചുവടുപിടിച്ചേ മറ്റുള്ളവർ അഭിപ്രായം പ്രകടിപ്പിക്കാവൂ എന്നും കോർ കമ്മിറ്റി ആലോചിച്ചാകണം തീരുമാനങ്ങളെടുക്കേണ്ടതെന്നും ഹൈക്കമാൻഡ് നിർദേശിച്ചു.

ഭാരവാഹിപ്പട്ടികയെക്കുറിച്ചുള്ള പരാതി കൂടുതൽപ്പേരെ ഉൾപ്പെടുത്തി പരിഹരിക്കും. ഒരു മണ്ഡലത്തിന് ഒരു സെക്രട്ടറിയെന്നനിലയിൽ സെക്രട്ടറിമാരുടെ നിയമനം ഉടൻ നടത്തുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!