KSDLIVENEWS

Real news for everyone

ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്: ദേവസ്വം മന്ത്രിമാരേയും പ്രതിയാക്കണം; വി.ഡി. സതീശൻ

SHARE THIS ON

തിരുവനന്തപുരം: എന്‍. വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിമാരെ പ്രതിയാക്കണം. ദേവസ്വം ബോർഡുകൾക്കെതിരേയും കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

“എന്‍. വാസു മാത്രമല്ല, മുന്‍ ദേവസ്വം മന്ത്രിയും നിലവിലെ ദേവസ്വം മന്ത്രിയും പ്രതികളാകേണ്ടവരാണ്. ഇക്കാലത്തെ ദേവസ്വം ബോര്‍ഡുകളും പ്രതിപ്പട്ടികയില്‍ വരും. അതുകൊണ്ടാണ് സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത്’’, വി.ഡി. സതീശൻ പറഞ്ഞു.

‘’സി.പി.എം നേതൃത്വവുമായും സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുള്ള ആളാണ് വാസു. ചിലഘട്ടങ്ങളില്‍ ബോര്‍ഡിനേക്കാള്‍ വലിയ അധികാര കേന്ദ്രമായിരുന്ന വാസുവിന്റെ പിന്‍ബലം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധമായിരുന്നു. വാസു നടത്തിയ കൊള്ളയുടെ തുടര്‍ച്ചയാണ് വാസുവിന് ശേഷം വന്ന ദേവസ്വം ബോര്‍ഡും ചെയ്തുകൊണ്ടിരുന്നത്. വാസു അറസ്റ്റിലായതോടെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എന്‍ വാസവനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യണം. എ. പദ്മകുമാറിന്റെയും പി.എസ്. പ്രശാന്തിന്റെയും നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡുകളെയും ചോദ്യംചെയ്യലിന് വിധേയമാക്കണം.

ഹൈക്കോടതിക്ക് സംശയം തോന്നിയതുകൊണ്ടു മാത്രമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തറിഞ്ഞതും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതും. കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയും ലാഭവിഹിതം കൈപ്പറ്റുകയും ചെയ്ത മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണം”, പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!