ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് സ്വര്‍ണ്ണക്കടയില്‍ കവര്‍ച്ച നടത്താൻ ശ്രമം: പിടിക്കപ്പെടുമെന്നായപ്പോള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമം; യുവതി അറസ്റ്റില്‍

കോഴിക്കോട്: ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് സ്വർണ്ണക്കടയില്‍ കവർച്ച നടത്താൻ ശ്രമിച്ച യുവതി അറസ്റ്റില്‍.
പെരുവയല്‍ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്.
പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജുവലറിയില്‍ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് എത്തിയ യുവതിയാണ് മോഷണശ്രമം നടത്തിയത്. സ്വർണാഭരണം ആവശ്യപ്പെട്ട ശേഷം ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ തിരിഞ്ഞതോടെ ഇയാളുടെ മുഖത്തേക്ക് കയ്യില്‍ കരുതിയ മുളക് സ്‌പ്രേ അടിക്കുകയായിരുന്നു.
ഉടമ മോഷണശ്രമം ചെറുത്ത് യുവതിയെ തടയാൻ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ യുവതി കയ്യില്‍ കരുതിയ മറ്റൊരു കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു. അതിനിടയില്‍ കട ഉടമയുമായി മല്‍പ്പിടിത്തം നടത്തി. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയവർ ചേർന്ന് മോഷണ ശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

