എസ്.ഐ.ആർ വന്നാല്‍ പിടിക്കപ്പെടുമെന്ന് ഭയം: രാജ്യംവിടാനൊരുങ്ങി ബംഗ്ലാദേശികള്‍; വോട്ടര്‍ കാര്‍ഡും ആധാറുമുണ്ട്, വന്നത് അനധികൃതമായി

ഹാക്കിംപുർ: എസ്ഐആർ നടപടികളെ തുടർന്ന് പശ്ചിമബംഗാളാലിലെ ബസീർഹട്ടിലെ ഹാക്കിംപുർ ചെക്ക്പോസ്റ്റിലൂടെ ബംഗ്ലാദേശിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത് നൂറുക്കണക്കിന് ആളുകൾ. ഇവരിൽ ഒരാൾക്ക് ഇന്ത്യൻ വോട്ടർ ഐഡിയും ആധാർ കാർഡും ലഭിച്ചിരുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. താൻ ഒരു ബംഗ്ലാദേശി പൗരയായിരുന്നിട്ടും തനിക്ക് ഇന്ത്യൻ രേഖകളുണ്ടെന്ന് റുഖിയ ബീഗമാണ് അവകാശപ്പെടുന്നത്.
ആറ് വർഷം മുൻപാണ് താൻ ഇന്ത്യയിൽ വന്നതെന്നും സാൾട്ട് ലേക്കിലാണ് താമസിച്ചതെന്നും റുഖിയ ന്യൂസ് 18-നോട് പറഞ്ഞു. താൻ വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, 2002-ലെ വോട്ടർ പട്ടികയിൽ തൻ്റെ പേരില്ലാത്തതിനാലാണ് താൻ തിരികെ പോകുന്നതെന്നും ഇവർ പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നതായും ഇവർ അവകാശപ്പെടുന്നു.
സത്ഖിരയിൽ നിന്നുള്ള അൻവാര ബീഗം നോർത്ത് 24 പർഗാനാസിലെ ഡൺലോപ്പിന് സമീപം മൂന്ന് വർഷം രേഖകളില്ലാതെയാണ് താമസിച്ചിരുന്നത്. എസ്ഐആർ ആരംഭിച്ചതിനെ തുടർന്നാണ് മടങ്ങുന്നതെന്ന് ഇവരും പറയുന്നു.
പശ്മിമബംഗാളിൽ നിന്ന് അതിർത്തി ചെക്ക്പോസ്റ്റിലൂടെ കഴിഞ്ഞ നാല് ദിവസമായി ബംഗ്ലാദേശിലേക്ക് മടങ്ങാനായി തടിച്ചുകൂടിയിരിക്കുന്നത് നൂറുകണക്കിന് ആളുകളാണ്. ഈ ആളുകളിൽ പലരും ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചവരാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. നിലവിൽ നടക്കുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ നടപടികൾ ഉണ്ടാക്കിയ ഭയവും അനിശ്ചിതത്വവുമാണ് ഇവർ കൂട്ടത്തോടെ മടങ്ങാനുള്ള കാരണം. രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ഇന്ത്യൻ വോട്ടർ ഐഡിയും ആധാർകാർഡും ലഭിച്ചതെങ്ങനെയെന്നുള്ള ചോദ്യങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഈ വെളിപ്പെടുത്തലുകൾ.

