സ്ഫോടനത്തിനുശേഷം 50000 പേര് പങ്കെടുക്കുന്ന വമ്പന് പരിപാടിയ്ക്കൊരുങ്ങി ചെങ്കോട്ട: ബഹുതല സുരക്ഷാ വലയം

ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായതിനുശേഷം ആദ്യത്തെ വമ്പൻ പരിപാടിയ്ക്കൊരുങ്ങി ഡൽഹി. ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ പരിപാടിക്കാണ് ചെങ്കോട്ട തയ്യാറെടുക്കുന്നത്. അതിന്റെ ഏകദേശം 50,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഡൽഹി പോലീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
നവംബർ 23 മുതൽ 25 വരെ ഡൽഹി സർക്കാർ കീർത്തൻ ദർബാർ സംഘടിപ്പിക്കും. നിരവധി വിവിഐപികൾ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) വ്യാഴാഴ്ച മുതൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. ചെങ്കോട്ടയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങൾ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്മാരകത്തിലേക്കുള്ള പാതയിൽ പോലീസ് 25 അധിക സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഴുവൻ സമയ നിരീക്ഷണത്തിനായി ഡിഎസ്ജിഎംസി 250 മുതൽ 300 വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സന്ദർശകരെ വിശദമായി പരിശോധിക്കുന്നതിനായി സിഐഎസ്എഫ്, ഡൽഹി പോലീസ്, ബോംബ് സ്ക്വാഡുകൾ, മറ്റ് ഏജൻസികൾ എന്നിവയുൾപ്പെടുന്ന ഒരു ബഹുതല സുരക്ഷാ വലയം വിന്യസിച്ചിട്ടുണ്ട്.
അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ സന്ദർശകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ ധൈര്യശാലികളും ദൈവഭയമുള്ളവരുമാണ്. ഈ സ്ഫോടനങ്ങൾക്ക് ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസത്തെ തകർക്കാൻ കഴിയില്ല. ഞങ്ങളുടെ ഗുരു ഭയപ്പെട്ടിരുന്നില്ലെങ്കിൽ, പിന്നെ ഞങ്ങൾ ആരെയാണ് ഭയപ്പെടേണ്ടത്?” ബുധനാഴ്ച ചെങ്കോട്ട സന്ദർശിച്ച പരംജീത് സിങ് ഛദ്ദ പ്രതികരിച്ചു. ശക്തമാക്കിയ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാൽത്തന്നെ തന്റെ കുടുംബത്തിന് സുരക്ഷിതത്വം തോന്നുന്നുവെന്ന് മറ്റൊരു സന്ദർശകയായ അമൃത് സിങ് പറഞ്ഞു. “ഈ വാർഷികത്തിന്റെ പ്രാധാന്യം ഞങ്ങൾക്ക് വളരെ വലുതാണ്. ഇവിടേക്ക് വരാൻ ഞങ്ങൾ മടിച്ചില്ല,” അവർ കൂട്ടിച്ചേർത്തു.
സ്ഫോടനം നടന്നിട്ടും തയ്യാറെടുപ്പുകൾ ഒരു നിമിഷം പോലും നിർത്തിവച്ചിരുന്നില്ലെന്ന് ഡിഎസ്ജിഎംസി സെക്രട്ടറി പറഞ്ഞു.
തുടക്കത്തിൽ ചിലർക്ക് ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ ആശങ്കയുണ്ടായിരുന്നെങ്കിലും, സംഘാടകർ അവർക്ക് ഉറപ്പ് നൽകിയെന്നും ഇപ്പോൾ 50,000-ത്തിൽ അധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജാഗ്രത പാലിക്കാനും വാടകക്കാരെക്കുറിച്ച് അന്വേഷിക്കാനും ഓട്ടോറിക്ഷ നമ്പറുകൾ കുറിച്ചെടുക്കാനും അപരിചിതരിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്നത് ഒഴിവാക്കാനും ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ചാന്ദ്നി ചൗക്ക് പ്രദേശത്ത് അറിയിപ്പുകൾ നൽകുന്നുണ്ട്.

