വൈദ്യുതി നിലച്ചു; പടന്ന പഞ്ചായത്ത് ഓഫിസിൽ മൊബൈൽ ഫോണ്‍ വെളിച്ചത്തിൽ പത്രികാ സമർപ്പണം

തൃക്കരിപ്പൂർ: കറന്റ് ചതിച്ചതിനെ തുടർന്ന് പടന്ന പഞ്ചായത്തിൽ പത്രികാ സമർപ്പണം മൊബൈൽ വെട്ടത്തിൽ. ഉച്ചയ്ക്ക് 12നാണ് വൈദ്യുതി നിലച്ചത്. പത്രികാ സമർപ്പണത്തിന് യുഡിഎഫ്–എൽഡിഎഫ് സ്ഥാനാർഥികൾ ഉൾപ്പെടെ മിക്ക സ്ഥാനാർഥികളും എത്തിയ ദിവസവും ഇന്നലെയായിരുന്നു. അര മണിക്കൂറോളം കറന്റ് മുടങ്ങിയപ്പോൾ വരണാധികാരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും മൊബൈൽ വെട്ടത്തെ ആശ്രയിച്ചു. അൽപസമയം കാര്യങ്ങൾ നടത്തിയത് മൊബൈൽ വെട്ടത്തിലാണ്.
പത്രിക സ്വീകരിക്കുന്നതിലെ സമയനിഷ്ഠ സംബന്ധിച്ചും ഇന്നലെ പടന്ന പഞ്ചായത്തിൽ തർക്കവും ബഹളവും ഉയർന്നു.40ൽ പരം പത്രികകളാണ് സമർപ്പണത്തിനെത്തിയത്. പ്രശ്നവും തർക്കങ്ങളും ഒഴിവാക്കുന്നതിന് വരണാധികാരി ടോക്കൺ കൊടുത്തു. വൈകിട്ട് 3ന് അകം മേശപ്പുറത്ത് എത്തുന്ന എല്ലാ പത്രികകളും സ്വീകരിക്കാൻ തീരുമാനിച്ചു. പക്ഷേ, ഇതിനെ ചോദ്യം ചെയ്ത് ചിലർ രംഗത്തു വന്നു. ഇതു തർക്കത്തിലെത്തി. ബഹളവും ഉയർന്നു.
വരണാധികാരി നിശ്ചയിച്ചതു പോലെ പത്രികാ സമർപ്പണം നടത്തി. 3 മുന്നണികളും വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള സ്ഥാനാർഥികളും ഇന്നലെയാണ് പത്രിക സമർപ്പിക്കാനെത്തിയത്. ഇരുട്ടിയിട്ടും പത്രികാ സമർപ്പണം നീണ്ടു.
യുഡിഎഫ് സ്ഥാനാർഥി എത്തിയത് ചക്രക്കസേരയിൽ
രാജപുരം: അപകടത്തിൽ കാലിലെ എല്ലിനു പരുക്ക് പറ്റിയതിനെത്തുടർന്ന് യുഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തിയത് ചക്രക്കസേരയിൽ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബാനം ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി പി.ഷീജയാണ് നടക്കാൻ സാധിക്കാത്തതിനെത്തുടർന്നു പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ ചക്രക്കസേരയിൽ വരണാധികാരിക്ക് പത്രിക സമർപ്പണത്തിന് എത്തിയത്. സ്ഥാനാർഥി നിർണയത്തിനു ശേഷം നടന്ന സ്കൂട്ടർ അപകടത്തിലാണ് കാലിന് പരുക്കേറ്റത്. സഹപ്രവർത്തകരുടെ സഹായത്തോടെ വീൽചെയറിലും വാഹനത്തിലുമായാണു ഷീജ വോട്ടഭ്യർഥന നടത്തുന്നത്.

