കേരളത്തിലെ എസ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി: തിര. കമ്മിഷന് നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
എസ്ഐആറിനെതിരേ ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും ചില അഭിഭാഷകര്‍ ഇന്ന് കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ മാത്രമേ നവംബര്‍ 26-ന് കേള്‍ക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ ഡിസംബറില്‍ കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്.വി. ഭട്ടി, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനാല്‍ കോടതിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നും അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള ഹര്‍ജികളുടെ അടിയന്തിര സ്വഭാവം മനസിലാക്കിയാണ് ഉടന്‍ വാദം കേള്‍ക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എന്നിവരുടെ ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്. എം.വി. ഗോവിന്ദന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന് ജി. പ്രകാശ് എന്നിവര്‍ ഹാജരായി. മുസ്ലിം ലീഗിന് വേണ്ടി അഭിഭാഷകന് ഹാരിസ് ബീരാന് ഹാജരായി.

