രൂപയ്ക്ക് റെക്കോഡ് ഇടിവ്: ഡോളറൊന്നിന് 89.61 രൂപ; പ്രവാസികൾക്കുനേട്ടം, വിദേശ കറൻസിക്ക് കൂടുതൽതുക

മുംബൈ: വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ മൂല്യം കുത്തനെ ഇടിഞ്ഞ് ഇന്ത്യൻ കറൻസി. വെള്ളിയാഴ്ച ഒറ്റദിവസം 93 പൈസയുടെ നഷ്ടമാണ് രൂപ രേഖപ്പെടുത്തിയത്. ഇതോടെ ഡോളറൊന്നിന് 89.61 നിലവാരത്തിലേക്ക് രൂപ കൂപ്പുകുത്തി. ആദ്യമായാണ് ഡോളറുമായി രൂപയുടെ മൂല്യം 89 രൂപ കടക്കുന്നത്. മൂന്നുമാസത്തിനിടെ ആദ്യമായാണ് രൂപയുടെമൂല്യം ഇത്തരത്തിൽ കുത്തനെ ഇടിയുന്നത്.
രാവിലെ ഡോളറൊന്നിന് 88.67 രൂപയെന്നനിലയിലാണ് വിനിമയ വിപണി തുറന്നത്. വൈകുന്നേരത്തോടെയിത് 89.65 രൂപയിലേക്ക് ഇടിയുകയായിരുന്നു. പ്രാഥമിക കണക്കുകൾപ്രകാരം, പിന്നീട് നിലമെച്ചപ്പെടുത്തി ഡോളറൊന്നിന് 89.61 രൂപ നിരക്കിൽ വ്യാപാരം നിർത്തി. വ്യാഴാഴ്ച രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായിരുന്നു. 88.68 രൂപയിലായിരുന്നു വ്യാപാരം നിർത്തിയത്. ഡോളറുമായി രൂപയുടെ മൂല്യത്തിൽ കൃത്യമായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വ്യാഴാഴ്ച സൂചനനൽകിയിരുന്നു.
കാരണങ്ങൾ
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഓഹരിവിപണിയിൽ തുടരുന്ന വിൽപ്പന, ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിലെ അനിശ്ചിതത്വം എന്നിവ രൂപയെ കടുത്ത സമ്മർദത്തിലാക്കുന്നു. നിർമിതബുദ്ധിയുടെ പേരിൽ വിപണിയിലുണ്ടായ അമിതപ്രതീക്ഷ, ഐടി, ടെക്നോളജി ഓഹരികളിലെ മുന്നേറ്റത്തിനു തടയിട്ടു. ഈ മേഖലയിൽ ഓഹരികളുടെ കൂട്ടവിൽപ്പന ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്. ഇത് ഐടി ഓഹരികളുടെ വിൽപ്പന കൂട്ടിയിട്ടുണ്ട്.
യുഎസിൽ അടിസ്ഥാനപലിശനിരക്ക് കുറയാനുള്ളസാധ്യത മങ്ങിയത് ഡോളറിന് കൂടുതൽ കരുത്തുപകരുന്നു. തൊഴിൽവിപണി വീണ്ടും ശക്തമായതാണ് പലിശയിളവിനുള്ള സാധ്യത കുറയ്ക്കുന്നത്. കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് ഡിസംബറിലെ പണനയയോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. യൂറോ, യെൻ, പൗണ്ട് തുടങ്ങി ആറ് അന്താരാഷ്ട്ര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് ഏതാനും ദിവസങ്ങൾക്ക് മുൻപുവരെ 98 -ലായിരുന്നു. ഇപ്പോഴിത് നൂറിനു മുകളിലെത്തി.
പ്രവാസികൾക്കുനേട്ടം, ഇറക്കുമതിച്ചെലവുയർത്തും
രൂപയുടെവീഴ്ച പ്രവാസികൾക്ക് നേട്ടമാണ്. അവർ ഇന്ത്യയിലേക്കയക്കുന്ന വിദേശ കറൻസിക്ക് കൂടുതൽതുക ലഭിക്കും. അതേസമയം, വലിയ അളവിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് ഈ രംഗത്ത് വലിയ തിരിച്ചടിയാണ് നേരിടുക. അസംസ്കൃത എണ്ണ, സ്വർണം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിച്ചെലവ് ഉയരുന്നത് ഇപ്പോൾത്തന്നെ റെക്കോഡ് നിലയിലുള്ള വ്യാപാരക്കമ്മി ഇനിയും ഉയരാനിടയാക്കും

