KSDLIVENEWS

Real news for everyone

എസ്ഐആർ ജോലി സമ്മർദം താങ്ങാനാകുന്നില്ല; തമിഴ്നാട്ടിലും ബംഗാളിലും രണ്ടു ബിഎൽഒമാർ കൂടി ജീവനൊടുക്കി

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലും പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലും ബൂത്ത് ലെവൽ ഓഫിസർമാർ ആത്മഹത്യ ചെയ്തു. എസ്ഐആറിന്റെ ഭാഗമായ ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന് ഇരുവരുടെയും കുടുംബം ആരോപിച്ചു. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ ജഖിത ബീഗം (37), നാദിയയിലെ കൃഷ്ണനഗറിൽ റിങ്കു തരഫ്ദാർ എന്നിവരാണ് മരിച്ചത്. 

കള്ളക്കുറിച്ചി സണ്ടൈപ്പേട്ടയിലെ വീട്ടിൽ തൂങ്ങിയ നിലയിലാണ് ജഖിത ബീഗത്തെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന ഇവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയതിനു പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. തിരുക്കോവിലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എസ്ഐആർ ജോലിയിലെ സമ്മർദമാണ് തന്റെ ഭാര്യ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് ജഖിത ബീഗത്തിന്റെ ഭർത്താവ് മുബാറക്ക് ആരോപിച്ചു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ബംഗാളിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണനഗറിലെ വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് റിങ്കു തരഫ്ദാറിനെ കണ്ടെത്തിയത്. എസ്ഐആറിന്റെ ഭാഗമായി കടുത്ത ജോലി സമ്മർദത്തിലായിരുന്നു റിങ്കു എന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി മമത ബാനർജി, എസ്ഐആർ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനോട് ആവശ്യപ്പെട്ടു. നേരത്തേ, ബംഗാളിലെ ജൽപൈഗുരിയിലും ബിഎൽഒ ജീവനൊടുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!