ഇനി ഉറങ്ങി ക്ഷീണമകറ്റാം, 2 മണിക്കൂറിന് 1,300 രൂപ; വൈറലായി ബെംഗളൂരു വിമാനത്താവളത്തിലെ സ്ലീപ്പിങ് പോഡ്

ദൂരയാത്രയ്ക്കായി വിമാനം തിരഞ്ഞെടുക്കുന്നവര്‍ക്ക് പലകാരണങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതിലും അധികം സമയം വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടതായി വരാറുണ്ട്. ചിലപ്പോള്‍ യാത്രയ്ക്കിടയിലെ കണക്ടിങ് വിമാനങ്ങള്‍ തമ്മില്‍ മണിക്കൂറുകളുടെ വ്യത്യാസവും ഉണ്ടാകും. ഈ സമയം വിമാനത്താവളത്തില്‍ വെറുതെ ഇരിക്കുന്നതിന് പകരം എല്ലാ ബഹളങ്ങളില്‍ നിന്നും മാറി നിങ്ങള്‍ മാത്രമുള്ള ലോകത്ത് കുറച്ച് സമയം വിശ്രമിക്കാനുള്ള അവസരമൊരുക്കുകയാണ് ബെംഗളൂരു വിമാനത്താവളം.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി സ്ലീപ്പിങ് പോഡുകള്‍ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെര്‍മിനലിലെ 080 ലോഞ്ചിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ഈ സൗകര്യം നിശ്ചിത സമയത്തേക്ക് വാടകയ്ക്കെടുത്ത് ഉപയോഗിക്കാം. വ്ലോഗഗറായ ശിവ റായ് എന്ന വ്യക്തി ഈ സ്ലീപ്പിങ് പോഡുകളുടെ വീഡിയോ പങ്കുവെക്കുകയും വൈറലാവുകയുമായിരുന്നു.
വീഡിയോയില്‍ ശിവ ഇത്തരത്തിലുള്ള ഒരു സ്ലീപ്പിങ് പോഡിലേക്ക് കയറുന്നതും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതും കാണാം. മിനി ക്യാപ്സ്യൂള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവയുടെ ഓട്ടോമാറ്റിക്ക് വാതില്‍ തുറന്നാല്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഇതിനുള്ളില്‍ ഫാന്‍, സംഗീതം ആസ്വദിക്കാനുള്ള സംവിധാനം, ലൈറ്റ്, സീറ്റ് ക്രമീകരണം, മസാജ്, സീറോ ഗ്രീവിറ്റി എന്നീ സൗകര്യങ്ങളുണ്ട്. അത്യാവശ്യഘട്ടങ്ങള്‍ക്കായി എമര്‍ജന്‍സി ബട്ടണും പോഡിനുള്ളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളില്‍ മറ്റ് ശല്യങ്ങളൊന്നും ഇല്ലാതെ ചെറിയ മയക്കത്തിന് തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലമാണ് ഇതെന്ന് വീഡിയോയില്‍ ശിവ പറയുന്നു.
വീഡിയോയുടെ അടിക്കുറിപ്പില്‍ പോഡിനുള്ളില്‍ രണ്ട് മണിക്കൂര്‍ ചെലവഴിക്കാന്‍ ഏകദേശം 1,300 നല്‍കണം എന്ന് അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ അകത്ത് പ്രവേശിക്കുന്നതിന് മുന്‍പ് ചെരുപ്പ് പുറത്ത് വെക്കുകയും വേണം. ഇത്രയധികം സൗകര്യങ്ങളുണ്ടെങ്കിലും ഇടുങ്ങിയ സ്ഥലങ്ങളോട് ഭയമുള്ള (Claustrophobic) ആളുകള്‍ക്ക് ഇത് അത്ര സന്തോഷം തരുന്ന ഇടമായിരിക്കില്ലെന്നും ശിവ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം വൈറലായ വീഡിയോയ്ക്ക് ആളുകള്‍ പല തരത്തിലാണ് പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നത്.
മണിക്കൂറിന് 1,300 രൂപ ഈടാക്കുന്നത് അധികമാണെന്നും ക്ലോസ്ട്രോഫബിയ കാരണം ഇതിനുള്ളില്‍ ഉറങ്ങുന്നത് ചിന്തിക്കാന്‍ തന്നെ സാധിക്കില്ല എന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്. ചിലര്‍ സ്ലീപ്പിങ് പോഡിനെ എംആര്‍എ സ്കാനുമായി താരതമ്യം ചെയ്തു. എന്നാല്‍ മറ്റു ചിലര്‍ക്ക് ഈ സ്ലീപ്പിങ് പോഡ് അവരുടെ ഓഫീസില്‍ വേണമെന്നായിരുന്നു ആഗ്രഹം. പോഡിനുള്ളില്‍ ഉറങ്ങിപ്പോയാല്‍ വിമാനം കിട്ടില്ലെന്ന ഭയവും വീഡിയോ കണ്ട ചിലര്‍ പ്രകടിപ്പിച്ചു. ഇതുവരെ 1.2 ദശലക്ഷം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
ഇതിന് മുന്‍പ് ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്തവളങ്ങള്‍ക്ക് നല്കുന്ന യുനെസ്കോയുടെ ‘പ്രിക്സ് വെര്‍സെയ്ല്‍സ് 2023’ പട്ടികയില്‍ കെംപഗൗഡ വിമാനത്താവളം ഇടം നേടിയിരുന്നു. വിമാനത്താവളത്തിലെ ടെര്‍മിനല്‍- 2 ആണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപഗൗഡ.

