KSDLIVENEWS

Real news for everyone

ശബ്ദം പുറത്തുവിടുംമുമ്പ് എന്നോട് ചോദിക്കണമായിരുന്നു: എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണ്; അവിടെ നിരപരാധിത്വം കൃത്യമായി ബോധ്യപ്പെടുത്തും; അന്വേഷണം നടക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

SHARE THIS ON

പാലക്കാട്: തനിക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണങ്ങളില്‍ നിരപരാധിത്വം കോടതിയില്‍ കൃത്യമായി ബോധ്യപ്പെടുത്തുമെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

രാജ്യത്തെ നിയമത്തിന് വിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഇത് പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളത്. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുറത്തുവന്ന ശബ്ദസന്ദേശങ്ങളും ചാറ്റും തന്റേതാണോയെന്ന് ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല.

‘എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്ബോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്കുള്ള വിശദീകരണം അന്വേഷണത്തിന് ശേഷം പറയും. നിയമപരമായ പോരാട്ടങ്ങള്‍ നടത്തും.’ രാഹുല്‍ പ്രതികരിച്ചു. ‘ഒരേ കാര്യം തിരിച്ചുംമറിച്ചും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദേശം ഇപ്പോള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ എന്താണ് ഉദ്ദേശമെന്ന് ആര്‍ക്കും മനസ്സിലാക്കാം. ഞാന്‍ മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തനം ഇതല്ല.’രാഹുല്‍ പറഞ്ഞു.

തന്റെ നിരപരാധിത്വം നീതിന്യായ കോടതിയില്‍ താന്‍ ബോധിപ്പിക്കുമെന്നും മാധ്യമകോടതിയില്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടുതല്‍ ശബ്ദരേഖ ഇന്ന് പുറത്തുവന്നിരുന്നു. രാഹുലും പെണ്‍കുട്ടിയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. നമുക്കൊരു കുഞ്ഞിനെ വേണമെന്നും തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ശബ്ദരേഖ.

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കെ രാഹുലിനെതിരായ ആരോപണങ്ങള്‍ വീണ്ടും വിവാദമായതോടെയാണ് വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തില്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടക്കട്ടെ, ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘അതില്‍ എന്തിരിക്കുന്നു?’ എന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുലിന്റെ മറുചോദ്യം. സമയമാകുമ്ബോള്‍ താന്‍ തന്റെ നിരപരാധിത്യം കോടതിയില്‍ തെളിയിക്കുമെന്നും രാഹുല്‍ പറഞ്ഞു. പുറത്തുവന്ന ശബ്ദസന്ദേശം നിഷേധിക്കാനോ അതില്‍ വ്യക്തത വരുത്താനോ ഉള്ള ശ്രമം രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി പറഞ്ഞുമില്ല.

ശബ്ദശകലത്തില്‍ ഗര്‍ഭഛിദ്രം സംബന്ധിച്ചുള്ള സംഭാഷണത്തേക്കുറിച്ചുള്ള ചോദ്യത്തിന്; ‘ഇതുതന്നെയല്ലെ തിരിച്ചും മറിച്ചും കഴിഞ്ഞ മൂന്നുമാസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. പുതിയതായിട്ട് ഒന്നും പറഞ്ഞില്ലല്ലോ. മൂന്ന് മാസമായി ഞാന്‍ പറയുന്ന കാര്യങ്ങളെ എനിക്ക് ഇന്നും പറയാനുള്ളൂ. അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. അന്വേഷണം മുന്നോട്ടു പോയതിനുശേഷം അതിന്റെ ഒരു ഘട്ടം കഴിയുമ്ബോള്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു തുടങ്ങാം’, രാഹുല്‍ പറഞ്ഞു.

ഓഡിയോയും വാട്‌സാപ്പ് ചാറ്റും രാഹുലിന്റേതാണോ എന്ന ചോദ്യത്തിന്; ‘എന്റേതാണ് എന്നും പറഞ്ഞ് ഒരു ശബ്ദം കൊടുക്കുന്നു. അതിന് മുമ്ബ് എന്നെ വിളിച്ച്‌ ഈ ശബ്ദം നിങ്ങളുടേതാണോ എന്ന് ചോദിച്ച ശേഷം അത് പുറത്തുവിടുന്നതിന് പകരം, വോയിസ് എന്റേതാണെന്നും പറഞ്ഞ് ചിത്രം ഉള്‍പ്പെടെ വെച്ച്‌ കൊടുത്തതിനുശേഷം അത് എന്റേതാണോ എന്ന് ചോദിക്കുന്നു. ഞാന്‍ ആദ്യം തന്നെ പറഞ്ഞു, അന്വേഷണം മുന്നോട്ട് പോയതിന് ശേഷം ഒരു ഘട്ടം കഴിയുമ്ബോള്‍ എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത് കൂട്ടിച്ചേര്‍ക്കും. ഈ രാജ്യത്തെ ഏതെങ്കിലും നിയമത്തിനെതിരായി ഒരു പ്രവൃത്തിയും ഞാന്‍ ചെയ്തിട്ടില്ല. ആ നിലയ്ക്ക് എനിക്ക് നിയമപരമായി മുമ്ബോട്ട് പോകാനുള്ള അവകാശമുണ്ട്. നിയപരമായ എന്തെല്ലാം പോരാട്ടം വരാനിക്കുന്നു. എന്റെ ഭാഗത്തുനിന്ന് എന്തെല്ലാം നിയമപരമായ പോരാട്ടം വരാനിരിക്കുന്നു. അതിനൊക്കെ സമയം ഉണ്ടല്ലോ. നിങ്ങളെന്തിനാ തിരക്കുകൂട്ടുന്നേ. തിരിച്ചും മറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ഒരേകാര്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടത് കോടതിയിലാണ്. അവിടെ നിരപരാധിത്വം കൃത്യമായി ബോധ്യപ്പെടുത്തും. നിരപരാധിത്വം തെളിയിക്കേണ്ടത് എപ്പോള്‍ വേണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. അന്വേഷണത്തില്‍ എപ്പോള്‍ വ്യക്തതവരുത്തണമെന്ന് ഞാന്‍ തീരുമാനിച്ചോളാം”, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതിന്റേതെന്ന് പറയപ്പെടുന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റുമുള്‍പ്പെടെയാണ് തിങ്കളാഴ്ച പുറത്തുവന്നത്. ഇതിന് മുമ്ബ് പുറത്തുവന്ന ശബ്ദരേഖ വിവാദമാകുകയും രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. നേരത്തെ പുറത്തുവന്ന ശബ്ദരേഖയുടെ ബാക്കിയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് വിവരം.

രാഹുലില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചതും പിന്നീട് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതും രാഹുല്‍ മാങ്കൂട്ടത്തിലാണ് എന്ന് ആരോപിക്കുന്ന ശബ്ദരേഖയാണിത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയോട് പരിഹാസത്തോടെയും ക്രൂരമായും പ്രതികരിക്കുന്ന സംഭാഷണവും കേള്‍ക്കാം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!